പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസിനു പിന്നാലെ പട്ടികവർഗ പീഡന കുറ്റവും ചുമത്തും. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരും പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ രംഗത്തുവന്നു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് കാർമികത്വം വഹിച്ച കേരളത്തിലെ സി പി എം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം.
അതേസമയം കല്യാണത്തിന് കാർമികത്വം വഹിച്ച സി പി എം നേതാക്കൾ വിവാദത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്നായിരുന്നു വിവാഹത്തിൽ പങ്കെടുത്ത സി പി എം നേതാക്കൾ അന്നു പറഞ്ഞിരുന്നത്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് പോക്സോ കേസെടുത്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡി ജി പിമാരോട് 22 ന് ഡൽഹിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
