അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള യുദ്ധത്തിൽ തങ്ങൾ ഇനി പഴയപടിയാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തിയതായും ഇറാൻ അവകാശപ്പെട്ടു.
ഇസ്‌ഫഹാനിൽ അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ സി -130 ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉൾപ്പെടെ നിരവധി വിമാനങ്ങൾ തകർത്തതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അവകാശപ്പെട്ടു. ഇതിനു പുറമെ ഒരു എഫ് -15 ഇ സ്ട്രൈക്ക് ഈഗിൾ വിമാനവും എ -10 വാർത്ത്ഹോഗും തങ്ങൾ വീഴ്ത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. എം ക്യു – 9 റീപ്പർ ഡ്രോണുകൾ ഉൾപ്പെടെ 12 ഓളം വിവിധ വിമാനങ്ങൾ വെടിവെച്ചിട്ടു എന്നാണ് ഇറാന്റെ പക്ഷം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ തങ്ങൾ പിന്നോട്ടില്ലെന്നും അധിനിവേശക്കാർക്ക് മറുപടി നൽകാൻ തങ്ങൾ സജ്ജമാണെന്നും ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സൊൽഫാഖരി വ്യക്തമാക്കി.
അതേസമയം, തകർന്ന എഫ് -15 വിമാനത്തിലെ ഒരു പൈലറ്റിനെ സാഹസികമായ ഓപറേഷനിലൂടെ രക്ഷപ്പെടുത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ മറ്റ് അവകാശവാദങ്ങളെക്കുറിച്ച് പെന്റഗൺ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.
