തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അവയുമായി അതിർത്തി പങ്കിടുന്ന 12 സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, സി ഇ ഒമാർ, ഡി ജി പിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, എൻഫോഴ്സ്മെന്റ് ഏജൻസി മേധാവികൾ എന്നിവരുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ഇന്നലെ അവലോകന യോഗം ചേർന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും ഏകോപനം മെച്ചപ്പെടുത്താനും അക്രമരഹിതവും ഭയരഹിതവും പ്രലോഭനങ്ങളില്ലാത്തതുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനും കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ് എസ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തി. അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ പൊതുതിരഞ്ഞെടുപ്പും 6 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന നില, അനധികൃത പണം, മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ എന്നിവ പിടിച്ചെടുക്കൽ, അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകൾ, ചെലവ് കൂടിയ മണ്ഡലങ്ങൾ എന്നിവ യോഗം പരിശോധിച്ചു.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ തങ്ങളുടെ പൊതുവായ തയ്യാറെടുപ്പുകൾ, ക്രമസമാധാന പ്രശ്നങ്ങൾ, ചെലവ് നിയന്ത്രണ നടപടികൾ, കേന്ദ്ര ഏജൻസികളുമായും അയൽ സംസ്ഥാനങ്ങളുമായും നിലനിൽക്കുന്ന ആശങ്കകൾ എന്നിവ കമ്മീഷനെ അറിയിച്ചു. സമാധാനവും ക്രമവും നിലനിർത്തുന്നതിനായി അതിർത്തി ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും അതിർത്തികൾ അടയ്ക്കാനും യോഗം തീരുമാനിച്ചു. പ്രലോഭനങ്ങളില്ലാത്തതും അക്രമരഹിതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അയൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
CBDT, CBIC, ED, DRI, CEIB, FIU-IND, RBI, IBA, NCB, ICG, BCAS, AAI, തപാൽ വകുപ്പ്, CRPF, CISF, BSF, SSB, RPF, ITBP, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, അസം റൈഫിൾസ് തുടങ്ങിയ ഏജൻസികളുടെ മേധാവികൾക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും അവയുടെ അതിർത്തി പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കാനും അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കാനും നിർദ്ദേശം നൽകി.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB), ആദായനികുതി വകുപ്പ്, സെൻട്രൽ ജിഎസ്ടി (CGST), ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളോട് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിശോധനകൾ ഊർജിതമാക്കാനും രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനധികൃത പണം, മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ എന്നിവ പിടിച്ചെടുക്കുന്നത് പരമാവധി വർധിപ്പിക്കാനും യോഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
