തർക്കങ്ങൾ തുടരവേ കോൺഗ്രസ് 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഘടകകക്ഷികൾക്കും മറ്റു ചില സംഘടനകൾക്കും നൽകുമെന്ന് വാഗ്ദാനം ചെയ്ത സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചിട്ടുണ്ട്. തർക്കം രൂക്ഷമായ തിരുവനന്തപുരത്ത് മൂന്നു സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കാനായത്. ഫോർവേഡ് ബ്ലോക്കിന് നൽകുമെന്ന് ഉറപ്പിച്ച ചാത്തന്നൂരിൽ സൂരജ് രവിയേയും സ്വതന്ത്രനെ പരീക്ഷിക്കുമെന്ന് പറഞ്ഞ വൈക്കത്ത് കെ ബിനിമോനെയും പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂരും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിലും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാടും വീണ്ടും മത്സരിക്കും. എതിർപ്പുകൾ അവഗണിച്ച് രമ്യാ ഹരിദാസിനെ ചിറയിൻകീഴ് സീറ്റിൽ നിശ്ചയിച്ചു.
കോവളത്ത് നിന്ന് എം വിൻസന്റിനെ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹവും അവിടെനിന്ന് സ്ഥാനാർഥി പട്ടികയിലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് അവകാശപ്പെട്ടിരുന്ന കോൺഗ്രസിന് പ്രഖ്യാപനത്തിന് രണ്ടു ദിവസത്തിനു ശേഷവും മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർണയിക്കാനായിരുന്നില്ല.
