ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ വിഷ പുക ശ്വസിച്ച ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. രാമചന്ദ്രയ്യ (71), കൊച്ചുമക്കളായ കാർത്തിക്ക് (14), ഇരട്ട സഹോദരിമാരായ ചന്ദന (7), ചരിത (8) എന്നിവരാണ് മരിച്ചത്.
രാമചന്ദ്രയ്യയുടെ മകൻ മുരളിയുടെ ഇരുചക്ര വാഹനത്തിൽ നിന്നുളള വിഷ പുകയാണ് അപകടം ഉണ്ടാക്കിയത്. അറ്റകുറ്റപണികൾ നടത്തിയ വാഹനത്തിന്റെ എഞ്ചിൻ രാത്രി മുഴുവൻ സ്റ്റാർട്ട് ചെയ്തു വയ്ക്കാൻ മെക്കാനിക്ക് നിർദേശിച്ചിരുന്നു. തുടർന്ന് വാഹനം വീടിനുള്ളിൽ സ്റ്റാർട്ടാക്കി വയ്ക്കുകയും ചെയ്തു.
മുരളിയും ഭാര്യയും വീടിന്റെ ടെറസിലും രാമചന്ദ്രയ്യയും കൊച്ചുമക്കളും വീടിനുള്ളിലും ഉറങ്ങാൻ കിടന്നു. വീടിന്റെ വാതിലുകളും ജനലുകളും അടച്ചിരുന്നതിനാൽ ഇരുചക്ര വാഹനത്തിൽ നിന്നുള്ള പുക വീട് മുഴുവൻ നിറഞ്ഞു. വാഹനത്തിൽ നിന്ന് വന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് നാലു പേരും ശ്വാസംമുട്ടി മരിച്ചത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
