മൂന്നു തവണ അമ്മായി അമ്മ മരുമകളോട് ഒരു ചായ ചോദിച്ചു. മരുമകൾ ചായ കൊടുത്തില്ലന്നു മാത്രമല്ല കേട്ട ഭാവം നടിച്ചതു പോലുമില്ല. ഒട്ടും വൈകീല അമ്മായി അമ്മ വെട്ടുകത്തി എടുത്തു മരുമകളെ ‘അറഞ്ചം പുറഞ്ചം’ വെട്ടി. മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂക്കോട്ടുംപാടം കൂറ്റംപാറയിലാണ് കേട്ടാൽ ആരും മൂക്കത്തു വിരലുവച്ചു പോകുന്ന ഈ സംഭവം നടന്നത്. ശാന്ത എന്നാണ് അമ്മായിയുടെ പേര്, മരുമകൾ 30 കാരിയായ രജിതയും.
രജിതയുടെ മക്കളുടെ മുന്നിൽ വച്ചാണ് ശാന്ത ഈ ക്രൂരകൃത്യം ചെയ്തത്. നിലവിളിയോടെ കുട്ടികൾ ശാന്തയെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുട്ടികളുടെ നിലവിളി കേട്ട് അയൽക്കാർ ഓടി വന്നപ്പോഴേക്കും രജിതക്ക് അതിഗുരുതരമായ രീതിയിൽ വെട്ടേറ്റിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രജിതയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. പൊലീസെത്തി ശാന്തയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴേക്കും അവർ കുറ്റം സമ്മതിച്ചു. രജിതയുടെ മൃതദേഹം ആശുപത്രിയിലാണ്. പൊലിസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
