പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെ, മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. ഇറാന്റെ എണ്ണ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിനു നേരെ നടന്ന ആക്രമണത്തിനു പിന്നാലെ, അത്യാധുനിക യുദ്ധക്കപ്പലായ യു എസ് എസ് ട്രിപൊളിയെ കൂടി അമേരിക്ക മേഖലയിലേക്ക് നിയോഗിച്ചു.
2,500 ഓളം സൈനികരെയും വിപുലമായ ആയുധശേഖരത്തെയും വഹിച്ചുകൊണ്ടാണ് ഈ കപ്പലിന്റെ യാത്ര. വ്യോമത്താവളങ്ങളുടെ സഹായമില്ലാതെ തന്നെ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ ശേഷിയുള്ള യു എസ് എസ് ട്രിപൊളിയുടെ വരവ്, അമേരിക്ക ഒരു വലിയ യുദ്ധത്തിന് തയ്യാറെടുക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.
മിഡിൽ ഈസ്റ്റിലുടനീളം നിലവിൽ അൻപതിനായിരത്തിലധികം യു എസ് സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾ തകർക്കപ്പെട്ടുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെയാണ് സൈനിക നീക്കങ്ങൾ കൂടുതൽ ഊർജ്ജിതമായത്.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയായതിനാൽ ഈ മേഖലയിലെ നീക്കങ്ങൾ അതീവ നിർണ്ണായകമാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം തടയാൻ ഇറാൻ ശ്രമിച്ചാൽ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
