തൻ്റെ ഭാര്യ ഉന്നയിച്ച വിഷയങ്ങളിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഭാര്യ ഉന്നയിയ്ക്കുന്ന ആരോപണങ്ങൾക്കു പിന്നിൽ ചില കോൺഗ്രസ് നേതാക്കൻമാരാണ് പ്രവർത്തിക്കുന്നത്. തൻ്റെ നിരപരാധിത്തം മുഖ്യമന്ത്രിയെ കണ്ട് ധരിപ്പിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗണേഷിൻ്റെ ഭാര്യ ആരോപണങ്ങളുമായി എത്തിയത്. കൊട്ടാരക്കര വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ വളരെ മോശം സാഹചര്യത്തിൽ കണ്ടതായി അവർ വെളിപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീയോടൊപ്പം മോശമായ രീതിയിൽ കണ്ടതിനെ തുടർന്ന് മൊബയിൽ ഫോണിൽ താൻ ഫോട്ടോ എടുത്തതായും എന്നാൽ മന്ത്രിയുടെ സഹായികൾ ഓടിയെത്തി മൊബയിൽ പിടിച്ചു വാങ്ങാൻ ശ്രമം നടത്തിയതായും തന്നെ കയ്യേറ്റം ചെയ്തതായും അവർ പറയുന്നു. തുടർന്ന് വലിയ പിടിവലിയും ബഹളവും ഉണ്ടായതായും അവർ ആരോപിച്ചിരുന്നു. പിന്നാലെ മന്ത്രിയുടെ ഒരു സഹായി സ്ത്രീയെ കാറിൽ കയറ്റി അവിടെ നിന്ന് കൊണ്ടു പോയതായും അവർ പറഞ്ഞു. പൊലിസ് എത്തിയെങ്കിലും കാര്യങ്ങളിൽ ഇടപെടാതെ അവർ മാറി നിന്നതായും ഗണേഷ് കുമാറിൻ്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി ഇന്ന് ഗണേഷ് കുമാറിനോട് രാജി ആവശ്യപ്പെടുമെന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സമയത്ത് ഒരു മന്ത്രി രാജിവയ്ക്കുന്നത്, അതും ഇത്തരമൊരു സാഹചര്യത്തിൽ മുന്നണിക്കുണ്ടാകുന്ന ക്ഷീണം ചെറുതല്ല. രാജിവയ്ക്കാൻ നിർദേശിക്കുകയല്ലാതെ മറ്റു മാർഗങ്ങളുമില്ല. ഗണേഷ്കുമാർ തന്നെ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് രാജികത്ത് സമർപ്പിക്കുമെന്നും ഒരു വിവരമുണ്ട്. ഇടതു മുന്നണിയിലെ മുതിർന്ന നേതാക്കളെല്ലാം തന്നെ ഗണേഷ്കുമാർ എത്രയും വേഗം രാജിവക്കണമെന്ന നിലപാടിലാണ് താനും.
