ഗുരുവായൂർ ദേവസ്വം ചെയർമാനായി എ വി ഗോപിനാഥ് ചുമതലയേറ്റു

At Malayalam
2 Min Read

ഗുരുവായൂർ ദേവസ്വത്തിന്‍റെ 16-ാമത് ചെയർമാനായി പാലക്കാട് പെരിങ്ങോട്ടുക്കുറിശി സ്വദേശിയും മുൻ എം എൽ എയുമായ എ വി ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി കെ വിജയൻ, വി ജി രവീന്ദ്രൻ എന്നിവർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നുണ്ടായ ഒഴിവിൽ എ വി ഗോപിനാഥ്, എം യു ഷിനിജ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ കഴിഞ്ഞദിവസം നാമനിർദേശം ചെയ്തിരുന്നു.

തെക്കേ നടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തിൽ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു. റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മിഷണറുമായ എം ജി രാജമാണിക്യം അധ്യക്ഷനായി. ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം കമ്മിഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ദേവസ്വം കോൺഫറൻസ് ഹാളിൽ കമ്മിഷണറുടെ സാന്നിധ്യത്തിൽ ദേവസ്വം ഭരണസമിതി യോഗം ചേർന്നു.

ദേവസ്വം ചെയർമാനായി എ വി ഗോപിനാഥിന്‍റെ പേര് ഭരണസമിതി അംഗം സി മനോജ് നിർദേശിച്ചു. ഭരണസമിതി അംഗമായ കെ എസ് ബാലഗോപാൽ പിന്താങ്ങി. തുടർന്ന് രേഖകളിൽ ഒപ്പുവച്ചു ചെയർമാനായി എ വി ഗോപിനാഥ് ചുമതലയേറ്റു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥൻ, മനോജ് ബി നായർ, എം യു ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, എൻ കെ അക്ബർ എം എൽ എ, നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദൻ, വൈസ് ചെയർമാൻ ജ്യോതി രാജ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

പുതിയ അംഗങ്ങളെ എം എൽ എയും വിവിധ സംഘടനാ നേതാക്കളും പൊന്നാടയണിയിച്ച് അനുമോദിച്ചു. ദേവസ്വം ചെയർമാനായി ചുമതലയേറ്റ എ വി ഗോപിനാഥ് ആലത്തൂർ മുൻ എം എൽ എയാണ്. രണ്ടു പതിറ്റാണ്ടോളം പെരിങ്ങോട്ടുക്കുറിശി പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. പുതിയ ദേവസ്വം ഭരണസമിതി അംഗമായി ചുമതലയേറ്റ എം യു ഷിനിജ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയാണ്. ദേവസ്വം ഭരണ സമിതിയിലെ ആദ്യ വനിതാ അംഗമാണ് എം എ, ബി എഡ് ബിരുദധാരിയായ ഷിനിജ. ചാപ്പാറ ഓറ എഡിഫൈ സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 – 23 കാലയളവിൽ കൊടുങ്ങല്ലുർ നഗരസഭാ ചെയർപേഴ്സണായിരുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment