മലബാർ ഡിസ്റ്റിലറീസിൽ പുതുതായി ഉൽപ്പാദനം ആരംഭിക്കുന്ന മദ്യത്തിന് പേരും ലോഗോയും പൊതുജനങ്ങൾ നിർദേശിച്ചതായിരിക്കില്ലെന്നു വ്യക്തമാക്കി സർക്കാർ. ഇതുസംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്കും പരാതികൾക്കും മറുപടിയായി നികുതി വകുപ്പ് അണ്ടർ സെക്രട്ടറിയാണ് വ്യക്തത വരുത്തിയിരിക്കുന്നത്. മലബാർ ഡിസ്റ്റിലറീസിൽ പുതുതായി ആരംഭിക്കുന്ന ഐ എം എഫ് എൽ പ്ലാന്റിലെ മദ്യത്തിന് പേരും ലോഗോയും പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുമെന്ന് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ കമ്പനി അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനോ മദ്യത്തെ മഹത്വവൽക്കരിക്കുന്നതിനോ വേണ്ടിയുള്ള യാതൊരു നീക്കവും സർക്കാരിന്റെയോ കമ്പനിയുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ഫെബ്രുവരി 21 ന് പ്ലാന്റിന്റെ ഉദ്ഘാടനം നടന്നു കഴിഞ്ഞു. അവിടെ നിർമ്മിക്കുന്ന മദ്യത്തിന് പൊതുജനങ്ങൾ നിർദ്ദേശിക്കുന്ന പേരോ ലോഗോയോ തെരഞ്ഞെടുക്കാനോ സമ്മാനം നൽകാനോ ഉദ്ദേശിക്കുന്നില്ലെന്ന് മാനേജിംഗ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നികുതി വകുപ്പ് അറിയിച്ചു. മദ്യ ബ്രാൻഡുകളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട 1995 ലെ നിയമപ്രകാരം ബ്രാൻഡിന്റെ പേര് രജിസ്റ്റർ ചെയ്യുന്നത് തികച്ചും ഔദ്യോഗികമായ നടപടിക്രമമാണെന്നും ഇതിൽ ജനകീയ പങ്കാളിത്തം ഇല്ലെന്നും കൊല്ലം സ്വദേശിയും ഡി സി സി ജനൽ സെക്രട്ടറിയുമായ എം എം സജീവ് കുമാർ നൽകിയ നിവേദനത്തിനുള്ള മറുപടിയായി സർക്കാർ അറിയിച്ചു. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടതിനെതിരെ സജീവ് ഹർജി നൽകിയിരുന്നു. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടതിലും മദ്യം വിപണിയിലെത്തിച്ചതിനും സർക്കാരിനും എക്സൈസ് വകുപ്പിനുമെതിരേ സജീവ് കുമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
