പിതാവിനേക്കാള്‍ കർക്കശ നിലപാടുമായി ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി

At Malayalam
2 Min Read

ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 കാരനായ മുജ്തബ. ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്.

ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ( ഐ ആര്‍ ജി സി ) സമ്മര്‍ദ്ദമാണ് മുജ്തബയെ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ – സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു മുജ്തബ ഹുസൈനി. പിതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നതും മുജ്തബയായിരുന്നു.

ഇറാന്‍ സൈന്യമായ ഐ ആര്‍ ജി സിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുജ്തബ രാജ്യത്തെ സുരക്ഷാ-സൈനിക നീക്കങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 1969 സെപ്റ്റംബര്‍ 8 ന് മഷാദിലാണ് മുജ്തബയുടെ ജനനം. അന്തരിച്ച അലി ഖമേനിക്ക് മുജ്തബ അടക്കം അഞ്ചു മക്കളാണുള്ളത്. അന്നത്തെ ഷാ ഭരണകൂടത്തെ എതിര്‍ത്തിരുന്ന പ്രമുഖ പുരോഹിതനായിരുന്നു പിതാവ് ആയത്തുല്ല അലി ഖമേനി.

ടെഹ്‌റാനിലേക്കു മാറിയ ശേഷം പേരുകേട്ട അലവി ഹൈസ്കൂളിൽ മുജ്തബ ചേർന്നു. തുടർന്ന് ക്വോമിൽ യാഥാസ്ഥിതിക പുരോഹിതരുടെ കീഴിൽ മതപഠനം തുടർന്നു. എന്നിരുന്നാലും മുജ്തബ ഹുസൈനി ആയത്തൊള്ള റാങ്ക് നേടിയിട്ടില്ല. കോടിക്കണക്കിന് ഡോളർ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് സാമ്രാജ്യത്തിന് അധിപനാണ് മുജ്തബയെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നത്. സ്വിസ് ബാങ്ക് അക്കൗണ്ടുകളും138 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഒരു ബ്രിട്ടീഷ് ആഡംബര പ്രോപ്പർട്ടിയും ഉൾപ്പെടുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ യഥാർഥ ആസ്തി ഇപ്പോഴും അജ്ഞാതമാണ്.

- Advertisement -

1979 ലെ ഇസ്ലാമിക വിപ്ലവം ഖമേനിയുടെ കുടുംബത്തിന്റെ ഗതി മാറ്റിമറിക്കുകയും അധികാരത്തിന്റെ ഉന്നത സ്ഥാനത്ത് അവരോധിക്കപ്പെടുകയുമായിരുന്നു. ഇറാന്‍ – ഇറാഖ് യുദ്ധകാലത്ത് മുജ്തബ സൈന്യത്തിലെ ഹബീബ് ബറ്റാലിയനില്‍ സേവനം അനുഷ്ഠിച്ചിരുന്നു. പിതാവ് ആയത്തുല്ല അലി ഖമേനിയേക്കാള്‍ കടുത്ത നിലപാടുകാരനാണ് മുജ്തബ. ഇറാന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിനു പിന്നില്‍ മൊജ്തബയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2019 ല്‍ യു എസ് ട്രഷറി വകുപ്പ് മുജ്തബയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തര – വിദേശ നയങ്ങളിൽ അന്തിമ വാക്കും അദ്ദേഹത്തിന്റേതാണ്. രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുക കമാൻഡർ ഇൻ ചീഫായ പരമോന്നത നേതാവാണ്.

സായുധ സേനയ്ക്കു പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. 1979 ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിൻ്റെ പദവിയിലെത്തിയ രണ്ടാമത്തെയാളാണ് അന്തരിച്ച ആയത്തുല്ല അലി ഖമേനി. ഇസ്ലാമിക് വിപ്ലവ ശേഷം അധികാരമേറ്റെടുത്ത ആയത്തുല്ല റൂഹുള്ള ഖമേനിയാണ് ആദ്യ പരമോന്നത നേതാവ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment