വി ടി ബൽറാമിൻ്റെ ഏകാധിപത്യരീതി അംഗീകരിക്കാനാകില്ല, തൃത്താലയിലും കോൺഗ്രസിൽ തർക്കം

At Malayalam
1 Min Read

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലും കോൺഗ്രസിൽ തർക്കം രൂക്ഷം. വി ടി ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവൃത്തിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം നേതാക്കൾ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു. ഡി സി സി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 30 ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം. പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബൽറാമിൻ്റെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഗ്രൂപ്പ് യോഗത്തിൽ വിമർശനമുയർന്നു. കഴിഞ്ഞ ദിവസമാണ് കെ കരുണാകരൻ ഫൗണ്ടേഷൻ്റെ പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്.

കോൺഗ്രസിൻ്റെ ആദ്യഘട്ട പട്ടികയിൽ ഇടം നേടിയ മണ്ഡലമായിരുന്നു തൃത്താല. അവിടെ നിന്ന് കെ പി സി സിക്കും എ ഐ സി സിക്കും മുന്നിലേക്കു വന്ന ഒരേയൊരു പേര് കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാമിൻ്റേതായിരുന്നു. കഴിഞ്ഞ തവണ മന്ത്രി എം ബി. രാജേഷിനോട് 3000 ത്തോളം വോട്ടുകൾക്കാണ് ബൽറാം പരാജയപ്പെട്ടത്. അതിൻ്റെ ഭാഗമായി കഴിഞ്ഞ അഞ്ചു വർഷമായി മികച്ച പ്രവർത്തനമാണ് മണ്ഡലം കേന്ദ്രീകരിച്ച് ബൽറാമിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്. അതിനിടയിലാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ ഗ്രൂപ്പ് യുദ്ധം ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ സി വി ബാലചന്ദ്രനും ബൽറാം പക്ഷവും തമ്മിൽ വലിയ ഗ്രൂപ്പ് പോരും വിഭാഗീയതയും നിലനിന്നിരുന്നു. തെരഞ്ഞെടുപ്പിലും തൃത്താലയിലെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമായിരുന്നു ബൽറാമിൻ്റെ തോൽവിക്ക് വഴിയൊരുക്കിയത്. എന്നാൽ, ഇക്കുറി ഇരുവിഭാഗവും ഒറ്റക്കെട്ടായി നിൽക്കുമ്പോൾ മറ്റൊരു വിഭാഗം ഇവർക്കെതിരെ രംഗത്ത് വരുന്ന സാഹചര്യമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബൽറാമിന് അടുപ്പമുള്ളവരെ മാത്രമാണ് പരിഗണിച്ചതെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നുണ്ട്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment