നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി ജെ പി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന, ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. മുമ്പ് ഒ രാജഗോപാലിലൂടെ ബി ജെ പി നിയമസഭയില്‍ അക്കൗണ്ട് തുറന്നതും നേമത്താണ്. വി ശിവന്‍കുട്ടിയെ നിര്‍ത്തി സി പി എം നേമം മണ്ഡലം പിടിക്കുകയായിരുന്നു. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിട്ടും നേമത്ത് പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമായിട്ടും നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വിമുഖത കാണിക്കുകയാണെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. മറ്റ് മണ്ഡലങ്ങളില്‍ ടിക്കറ്റ് തേടുന്ന നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടി ഭയന്ന് നേമത്ത് മത്സരിക്കാന്‍ മടിക്കുന്നതായിട്ടാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
2021 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ 60,000 ത്തിലധികം വോട്ടുകള്‍ നേടിയ ബി ജെ പി, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രി വി ശിവന്‍കുട്ടിയെ തന്നെയാകും സി പി എം സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുക.
2016 ല്‍ ബി ജെ പി ആദ്യമായി വിജയിച്ച നിയമസഭാ സീറ്റാണ് നേമം. പ്രതിപക്ഷമായ യു ഡി എഫ് അവരുടെ ചെറിയ സഖ്യകക്ഷിക്കായിരുന്നു അന്ന് സീറ്റ് നല്‍കിയത്. ബി ജെ പിയുടെ അപ്രതീക്ഷിത വിജയത്തോടെ രാഷ്ട്രീയമായ ഹൈ വോള്‍ട്ടേജ് മണ്ഡലമായി പിന്നീട് നേമം മാറി. അന്ന് സി പി എമ്മിന്റെ വി ശിവന്‍കുട്ടിയെയാണ് ബി ജെ പിയിലെ ഒ രാജഗോപാല്‍ തോല്‍പ്പിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്‍ കെ പി സി സി പ്രസിഡന്റ് കെ മുരളീധരനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും സ്ഥാനാര്‍ത്ഥിയാക്കി. സി പി എമ്മിന്റെ വി ശിവന്‍കുട്ടി വിജയിച്ചു. അതേസമയം കെ മുരളീധരന്‍ നേടിയ 36,524 വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായി.
സംഘപരിവാര്‍ ഇത് വളരെ ഗൗരവമായി എടുക്കുകയും മുരളീധരനെ ലക്ഷ്യം വയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ ആര്‍ എസ് എസ് നേതാക്കള്‍ ഈ ആരോപണം നിഷേധിക്കുകയാണ്. നേമത്ത് ബി ജെ പിയുടെ പരാജയത്തിലേക്ക് നയിച്ചത് യു ഡി എഫ് നേടിയ വോട്ടുകളാണെന്ന് അന്ന് പല സംഘപരിവാര്‍ നേതാക്കളും ഞങ്ങളോട് സമ്മതിച്ചിരുന്നുവെന്ന് ഒരു കെ പി സി സി ഭാരവാഹി പറഞ്ഞു.
