ട്രെയിൻ യാത്രക്കാർ, പൊങ്കാല കഴിഞ്ഞു മടങ്ങി പോകുന്നതിനായി മുൻ വർഷങ്ങളിൽ തമ്പാന്നൂർ ഭാഗത്തുകൂടിയും കിഴക്കേകോട്ട ഭാഗത്തു നിന്നുള്ളവർ റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തെ പവർ ഹൗസ് റോഡിൽ നിന്നുള്ള കവാടത്തിലൂടെയും റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ റെയിൽവേ സ്റ്റേഷനിൽ പുതിയ കെട്ടിടങ്ങളുടെയും മറ്റും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ പവർ ഹൗസ് റോഡ് ഭാഗത്തുകൂടി റെയിൽവേ സ്റ്റേഷനിൽ പ്രവേശിക്കാൻ കഴിയില്ലന്നത് പ്രത്യേകം ശ്രദ്ധിക്കുക.
കിഴക്കേകോട്ട, പവർ ഹൗസ് റോഡു ഭാഗത്തു നിന്നുള്ള യാത്രക്കാർ തൈക്കാട് റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്ത് കൂടിയും എം ജി റോഡിലെ ഓവർ ബ്രിഡ്ജ് ഭാഗത്തു കൂടിയും തമ്പാന്നൂർ ഭാഗത്തു വന്നു മാത്രമേ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു. തൈക്കാടു ഭാഗത്തുകൂടി വരുന്നവർക്ക് റെയിൽവേ ഓവർ ബ്രിഡ്ജിനു താഴ്ഭാഗത്തു കൂടി റെയിൽവേ പ്ലാറ്റഫോമിലേക്ക് പ്രവേശിക്കാവുന്നതാണ്. ഓവർബ്രിഡ്ജ്, ആർ എം എസ് ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് ചൈത്രം ഹോട്ടലിന് എതിർ വശത്തുള്ള പാർസൽ ഗേറ്റ്, തമ്പാന്നൂരിലെ പ്രധാന കവാടം എന്നിവിടങ്ങളിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാവുന്നതാണ്.
പ്ലാറ്റ്ഫോമുകളിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് നിൽക്കാൻ സ്ഥലപരിമിതി ഉള്ളതിനാൽ ട്രെയിൻ പുറപ്പെടുന്ന സമയത്തിന് അനുസരിച്ച് മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. അതുവരെ യാത്രക്കാർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയിട്ടുള്ള താത്കാലിക പന്തലുകളിൽ കാത്തുനിൽക്കേണ്ടതാണ്. താത്കാലിക പന്തലുകളിൽ യാത്രക്കാർക്ക് വെയിൽ ഏൽക്കാതെ നിൽക്കുന്നതിനും കുടിവെള്ളം ലഭ്യമാകുന്നതിനുമുള്ള ക്രമീകരണങ്ങൾ റെയിൽവേ നടത്തും. സുരക്ഷ മുൻനിർത്തി എല്ലാ യാത്രക്കാരും പുതിയ ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് റെയിൽവേ പൊലിസ് അറിയിച്ചു.
