യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി മോഡിയെ പ്രശംസിച്ചുകൊണ്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. മോഡിയുടെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായുള്ള വീഡിയോ ക്ലിപ്പ് രാജ്യമെമ്പാടും പ്രചരിക്കുകയാണ്. എഫ് ബി ഐ ഡയറക്ടറുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോഡിയെ വെട്ടിലാക്കുന്ന പരാമര്‍ശം ട്രംപ് നടത്തിയത്.
‘മോഡി ഒരു മഹാനായ മനുഷ്യനാണ്. അദ്ദേഹം എന്നെ സ്നേഹിക്കുന്നു. സ്നേഹം എന്ന വാക്കിനെ വ്യത്യസ്തമായി കാണരുത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ നിങ്ങള്‍ മനസ്സിലാക്കണം, ഞാന്‍ വര്‍ഷങ്ങളായി ഇന്ത്യയെ കാണുന്നു. എന്റെ സുഹൃത്ത് ഇപ്പോള്‍ വളരെക്കാലമായി അവിടെയുണ്ട്’ ട്രംപ് വീഡിയോയില്‍ പറയുന്നു.
‘ഞാന്‍ ആ വീഡിയോ കണ്ടിട്ടില്ല. പക്ഷേ അത്തരമൊരു വീഡിയോ ഉണ്ടെങ്കില്‍, അത് സത്യമോ തെറ്റോ ആകട്ടെ, അതില്‍ ഉചിതമായ നടപടി സ്വീകരിക്കും ‘വിദേശകാര്യ വകുപ്പ് വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി മോഡിയെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശത്തിന് ഇന്ത്യ ഉചിതമായ മറുപടി സ്വീകരിക്കുമെന്നും ജയ്സ്വാള്‍ ആവര്‍ത്തിച്ചു.
