തിരുവനന്തപുരം കോവളത്ത് പ്രവാസിയുടെ വീട്ടിൽനിന്ന് 37 പവൻ സ്വർണം മോഷ്ടിച്ച കേസിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റിലായി. കോൺഗ്രസ് പൂവാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് തെക്കേ തെരുവ് താഴത്തെവീട്ടിൽ നൗഷാദിനെയാണ് (42) പൂവാർ പൊലീസ് പിടികൂടിയത്. കവർച്ച സംഘത്തിലെ മുഖ്യ ആസൂത്രികനായ ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. ജനുവരി 28 നായിരുന്നു പ്രവാസിയായ ഷാജഹാന്റെ വീട്ടിൽ മോഷണം നടന്നത്.നൗഷാദിന്റെ സുഹൃത്തായ ഒന്നാം പ്രതിക്കായി അന്വേഷണം തുടരുന്നു. നിരവധി മോഷണക്കേസിലെ പ്രതിയാണിയാൾ എന്ന് പൊലീസ് പറഞ്ഞു. നൗഷാദിന്റെ സുഹൃത്താണ് പ്രവാസിയായ ഷാജഹാന്. മോഷണം നടത്തുന്നതിനായി നൗഷാദ് ഒന്നാം പ്രതിയെ വിളിച്ച് വരുത്തി ആസൂത്രണം ചെയ്യുകയായിരുന്നു.
പൂവാർ എത്തിയ ഒന്നാം പ്രതിക്ക് താമസസൗകര്യവും മോഷണം നടത്താൻ മറ്റെല്ലാ സഹായങ്ങളും നൽകിയത് നൗഷാദാണ്. ആളില്ലാതിരുന്ന സമയത്താണ് വീട്ടിൽ കയറി മോഷണം നടത്തിയത്. കവർന്ന സ്വർണവുമായി നൗഷാദും ഒന്നാം പ്രതിയും തമിഴ്നാട്ടിലേക്ക് മുങ്ങി. പൊലീസിന്റെ രഹസ്യ നീക്കത്തിലാണ് നൗഷാദ് പിടിയിലായത്. ഒന്നാം പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എസ് എച്ച് ഒ രതീഷ് അറിയിച്ചു. പ്രതി നൗഷാദിനെ കോടതി റിമാൻഡ് ചെയ്തു. എസ് ഐ ജോസ്, സി പി ഒമാരായ അജിത്ത്, ആന്റണി, ശശി നാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
