അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
സംഗമത്തിന്റെ അവസാന ദിവസം കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകിയെന്ന് കാട്ടി തുക തട്ടിയെടുത്തു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഭക്ഷണ വിതരണത്തിൽ യാതൊരു വിവേചനവും കാട്ടിയിട്ടില്ല, ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പുറമെ, പമ്പയിലെത്തിയ അയ്യപ്പ ഭക്തർക്കും സാധാരണക്കാരായ തൊഴിലാളികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകിയിട്ടുണ്ട്. നേരത്തെ കണക്കാക്കിയതിനേക്കാൾ ഇരട്ടിയിലധികം പേർക്കാണ് ഭക്ഷണം വിതരണം ചെയ്തതെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
ചാർട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോർട്ടിൽ പറയുന്ന ന്യൂനതകൾ കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാൽ ഉണ്ടായതാണെന്നും ബോർഡ് വിശദീകരിച്ചു. വിശദമായ പരിശോധനയ്ക്കു മുൻപേ റിപ്പോർട്ട് സമർപ്പിക്കേണ്ടി വന്നതിനാൽ ഉണ്ടായ സാങ്കേതിക പ്രശ്നമാണിത്.
ബില്ലുകളുടെ ആധികാരികതയും സുതാര്യതയും പൂർണ്ണമായി ഉറപ്പാക്കിയ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. ഈ മാസം 17 ന് ചേരുന്ന ബോർഡ് യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും എന്നും ബോർഡ് വ്യക്തമാക്കി.
