തലസ്ഥാനത്ത് ഇടതു സ്ഥാനാർത്ഥികളിൽ മാറ്റത്തിനു സാധ്യത

At Malayalam
2 Min Read

തിരുവനന്തപുരം ജില്ലയിലെ എൽ ഡി എഫ് സ്ഥാനാർത്ഥികളിൽ മുൻധാരണയ്ക്ക് വിരുദ്ധമായി ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

എൽ ഡി എഫിനെ സംബന്ധിച്ചിടത്തോളം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടം ആയിരിക്കുമെന്നുറപ്പാണ് .
ഭരണ തുടർച്ച തന്നെയാണ് ഈ തെരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ മുഖ്യ അജണ്ട. അതിന് തിരുവനന്തപുരം ജില്ലയിലെ ആധിപത്യം ഉറപ്പാക്കിയേ മതിയാകു. അക്കാരണത്താൽ തന്നെ ജില്ലയിലെ ഓരോ സീറ്റും സൂക്ഷ്മതയോടെ തന്നെയാണ് പാർട്ടി കണക്കിലെടുക്കുന്നത് എന്നാണ് അറിയുന്നത് .

ജില്ലയുടെ വടക്കേ അറ്റത്തെ സീറ്റായ വർക്കലയിലാണ് ജില്ലാ സെക്രട്ടറി കൂടിയായ വി ജോയി മൂന്നാം തവണയും മത്സരിക്കുന്നത്. തീർത്തും ഉറപ്പാണ് ജില്ലാ സെക്രട്ടറിയിലൂടെ ഈ സീറ്റിലെ വിജയമെന്ന് പാർട്ടിയും മുന്നണിയും കണക്കു കൂട്ടുന്നു. മൂന്നാം ഭരണം വന്നാൽ പുതിയ ചുമതലയിലേക്കും നിലവിലെ ജില്ലാ സെക്രട്ടറിയെ പരിഗണിക്കാൻ സാധ്യത ഏറെയാണ്.

ആ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ താൽക്കാലികമായോ സ്ഥിരമായോ മറ്റൊരു ജില്ലാ സെക്രട്ടറിയെ കണ്ടെത്തേണ്ടി വരും . വാമനപുരം എം എൽ എ അഡ്വക്കേറ്റ് ഡി കെ മുരളിയെ ആയിരിക്കും ആ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത എന്ന അനുമാനവുമുണ്ട്. ജില്ലാ സെക്രട്ടറി ആയാൽ ഡി കെ മുരളി മത്സരിക്കാനിടയില്ല. അവിടെ പുതിയൊരു സ്ഥാനാർത്ഥി വേണ്ടിവരും. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ട്രേഡ് യൂണിയൻ നേതാവും ജനങ്ങൾക്കിടയിൽ സമ്മതനുമായ ആർ രാമുവിനായിരിക്കും പരിഗണന എന്നും അറിയുന്നു.

- Advertisement -

അതിനിടെ മറ്റൊരു ചർച്ചയും നടക്കുന്നതായി അറിയുന്നുണ്ട്.
കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട, ഇപ്പോഴത്തെ ഡെപ്യൂട്ടി മേയർ ആശാനാഥ് പുത്തൻ സ്ഥാനവും പരിവേഷവുമായി വീണ്ടും ചിറയിൻകീഴിൽ മത്സരത്തിന് വന്നാൽ പോരാട്ടം ശക്തമാകുമെന്ന് ഉറപ്പാണ്. അങ്ങനെയായാൽ എൽ ഡി എഫിന്റെ അഭിമാന സീറ്റുകളിൽ ഒന്നായ ചിറയിൻകീഴ് നിലനിർത്താൻ സി പി ഐക്ക് മറ്റൊരു സീറ്റു നൽകി ചിറയിൻകീഴ് സി പി എം ഏറ്റെടുക്കാനും നീക്കം നടക്കുമെന്ന് ചർച്ചയുണ്ട്. സി പി ഐ സമ്മതിച്ചാൽ സമീപ ജില്ലകളിലെ ഒരു ഉറപ്പായ സീറ്റ് അവർക്ക് കൊടുക്കേണ്ടി വരും

ആ രീതിയിൽ സീറ്റു മാറ്റം നടന്നാൽ ആറ്റിങ്ങലിൽ വിജയസാധ്യത ഉറപ്പായ മുൻ എം എൽ എ ബി സത്യനെ മത്സരിപ്പിക്കുകയും നിലവിലെ എം എൽ എ ഒ എസ് അംബികയെ ചിറയിൻകീഴ് മത്സരിപ്പിക്കുവാനും സാധ്യതയുണ്ട്. ചിറയിൻകീഴ് മണ്ഡലത്തിലെ മുദാക്കൽ പഞ്ചായത്തിൽപ്പെട്ട അവർ രണ്ടുതവണ അവിടെ പഞ്ചായത്ത് പ്രസിഡണ്ടും ഒരു പ്രാവശ്യം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു എന്ന അംഗീകാരവും ഉണ്ട് .
എന്തായാലും വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് സീറ്റുകൾ എൽ ഡി എഫിന് വളരെ പ്രധാനമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment