തിരുവല്ല നഗരത്തിലെ സ്പാകളിൽ അധികൃതരുടെ മിന്നൽ പരിശോധന. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ സ്പാ, വെൽനെസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നിരവധി അനാശാസ്യ പ്രവർത്തികൾ നടക്കുന്നതായി കണ്ടെത്തി എന്നാണ് റിപ്പോർട്ട്. തിരുവല്ലയിലെ അഞ്ച് സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.
രാമൻചിറയിലെ സ്ഥാപനത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് നടക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തിയതോടെ കസ്റ്റമർ ഇറങ്ങിയോടി. ഇറങ്ങി ഓടിയ കസ്റ്റമർ പൊലീസ് വകുപ്പിൽ ആലപ്പുഴയിൽ ജോലി ചെയ്യുകയാണെന്നു സൂചനയുണ്ട്. സ്പാ അടച്ചുപൂട്ടാൻ കത്തു നൽകും എന്നാണ് ലഭിക്കുന്ന വിവരം. യോഗ, സ്പാ ലൈസൻസുള്ളതാണ് ഈ സ്ഥാപനം.
രാമൻചിറയിലെ മറ്റാെരു സലൂണിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ഇവിടെ ലൈസൻസില്ലാതെയാണു പ്രവർത്തനം. മഞ്ഞാടിയിലെ മറ്റാെരു സ്പായും ലൈസൻസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കു താമസിക്കാനുള്ള സൗകര്യമടക്കം നൽകിയിരുന്നു. മഞ്ഞാടിയിലെ മറ്റാെരു സ്പായും, മീന്തലക്കരയിലെ പീഡനം നടന്ന സ്പായും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, തിരുവല്ലയിലെ സ്പാ കേന്ദ്രത്തിൽ നടന്ന കൂട്ട ബലാത്സംഗ കേസിൽ രണ്ടു പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിൽ കഴിയുകയായിരുന്ന കിരൺ തോമസും സാജൻ തോസമസുമാണ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ 6 പ്രതികളും പൊലീസിന്റെ പിടിയിലായി. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭിനെ കൂടി നേരത്തെ പൊലീസ് പിടികൂടിയിരുന്നു. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെർലിൻ ദാസ്, വരുൺ കുമാർ എന്നിവർ അന്വേഷണത്തിന്റെ തുടക്കത്തിൽ അറസ്റ്റിലായിരുന്നു.
ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിനും സംഘവും അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും.
സ്പാകളിൽ നിന്നു മാസപ്പടി വാങ്ങൽ, ഗുണ്ടാ ബന്ധം എന്നിങ്ങനെ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാർക്കെതിരായ ആക്ഷേപത്തിൽ വകുപ്പുതല പരിശോധനയും പുരോഗമിക്കുകയാണ്.
