2026 – 27 അധ്യയന വർഷത്തേയ്ക്കുള്ള പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഫെബ്രുവരി 13ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നിർവഹിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യുണിഫോം പദ്ധതി രണ്ടു ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ പി, യു പി സർക്കാർ സ്‌കൂളുകളിലും ഒന്നു മുതൽ നാലു വരെയുള്ള എയ്ഡഡ് എൽ പി സ്‌കൂളുകളിലും കൈത്തറി വകുപ്പു വഴി കൈത്തറി യൂണിഫോമാണ് നൽകിവരുന്നതെന്ന് മന്ത്രി പറഞ്ഞു.
കൈത്തറി യൂണിഫോം ലഭിക്കാത്ത ഒന്നു മുതൽ എട്ടു വരെയുള്ള ഗവ ഹൈസ്‌കൂളിലെ എ പി എൽ വിഭാഗം ആൺകുട്ടികൾക്കും ഒന്നു മുതൽ എട്ടു വരെയുള്ള എയ്ഡഡ് ഹൈസ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം ഒന്നു മുതൽ അഞ്ചു വരെയുള്ള എയ്ഡഡ് എൽ പി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ടു ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നതായും മന്ത്രി അറിയിച്ചു.
ഈ രണ്ടു വിഭാഗങ്ങളിലും ഉൾപ്പെടാത്ത സർക്കാർ ഹൈസ്‌കൂളുകളിലെ ബി പി എൽ ആൺകുട്ടികൾ, എസ് സി /എസ് ടി കുട്ടികൾ, മുഴുവൻ പെൺകുട്ടികൾ എന്നീ വിഭാഗത്തിൽ എസ് എസ് കെ യൂണിഫോം തുക നൽകും.
2026 – 27 അദ്ധ്യയനവർഷത്തെ കൈത്തറി യുണിഫോം വിതരണത്തിനുള്ള കുട്ടികളുടെ വിവരങ്ങൾ കൈറ്റ് വെബ്സൈറ്റിൽ ലഭ്യമായത് പ്രകാരം 8,00,193 കുട്ടികൾക്ക് വിതരണം ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
2026 – 27 അധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെ ബി പി എസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. കെ ബി പി എസിൽ നിലവിൽ പ്രതിദിനം മൂന്നു ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.
