തിരുവനന്തപുരം അറയൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയിലാണ് നിക്ഷേപകൻ മർദനത്തിനും അധിക്ഷേപത്തിനും ഇരയായതായി പരാതി ഉയർന്നത്. ചികിത്സാ ആവശ്യങ്ങൾക്കായി സ്വന്തം നിക്ഷേപം തിരികെ ചോദിച്ചെത്തിയ അമരവിള സ്വദേശി ചന്ദ്രശേഖരൻ നായർക്കാണ് ദുരനുഭവം ഉണ്ടായത്.
ചന്ദ്രശേഖരൻ നായർ ബാങ്കിൽ നാലര ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി പണം പിൻവലിക്കാൻ അദ്ദേഹം ബാങ്കിനെ സമീപിക്കുന്നുണ്ടെങ്കിലും തുക നൽകാൻ അധികൃതർ തയ്യാറായിരുന്നില്ല. ചികിത്സാ ആവശ്യത്തിനായി വീണ്ടും പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാർ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സംഭവത്തിൽ ബാങ്ക് സെക്രട്ടറിക്ക് ചന്ദ്രശേഖരൻ നായർ പരാതി നൽകിയിട്ടുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപ പ്രതിസന്ധി തുടരുന്നതിനിടെയുണ്ടായ ഈ സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
