മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രഖ്യാപിച്ചു. 2024 ലെ സ്വദേശാഭിമാനി കേസരി പുരസ്ക്കാരത്തിന് മുതിർന്ന മാധ്യമപ്രവർത്തകനായ മലയിൻകീഴ് ഗോപാലകൃഷ്ണൻ അർഹനായി. നാളെ (വ്യാഴം) വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്.
മുതിർന്ന മലയാള പത്രപ്രവർത്തകനും നിരവധി ചരിത്ര പുസ്തകങ്ങളുടെ രചയിതാവുമാണ് തിരുവനന്തപുരം സ്വദേശിയായ മലയിൻകീഴ് ഗോപാലകൃഷ്ണൻ. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം മാതൃഭൂമിയിൽ ന്യൂസ് എഡിറ്റർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ചരിത്രപുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മാതൃഭൂമിയിൽ എഴുതിയിരുന്ന ‘നഗരപ്പഴമ’ എന്ന പ്രശസ്ത പംക്തിയും പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു.
ഏഴാച്ചേരി രാമചന്ദ്രൻ, ഡോ: ടി എൻ സീമ, ഡോ : എം വി നാരായണൻ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
