ജീവനായി പിടയുമ്പോഴും പീഡിപ്പിച്ചു, മരിച്ചെന്നുറപ്പാക്കിയ ശേഷവും രണ്ടുതവണ പീഡനം

At Malayalam
2 Min Read

കോഴിക്കോട് കക്കോടിയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. യുവതി ജീവനായി പിടയുമ്പോഴും പ്രതി വൈശാഖൻ യുവതിയെ പീഡിപ്പിച്ചു. തുടർന്ന് കെട്ടഴിച്ച് താഴെകിടത്തിയ ശേഷം രണ്ടുതവണ പീഡിപ്പിച്ചു. ആദ്യം ആത്മഹത്യയെന്ന നിലയിൽ കരുതപ്പെട്ട സംഭവം, ക്രൂരമായ കൊലപാതകമെന്നാണ് പൊലീസ് അന്വേഷണത്തിൽ പുറത്തു വന്നത്.

ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞാണ് വൈശാഖൻ യുവതിയെ വർക്‌ഷോപ്പിലേക്കു വിളിച്ചുവരുത്തിയത്. ശേഷം, കഴുത്തിൽ കുരുക്കിട്ട് സ്റ്റൂൾ തട്ടിമറിച്ച് കൊലപ്പെടുത്തിയതിനു പിന്നാലെ പ്രതി വൈശാഖൻ യുവതിയെ മൂന്നു തവണ പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തി. വർക്‌ഷോപ്പിൽ എത്തിയില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ തന്റെ നിയന്ത്രണത്തിലാക്കാൻ വൈശാഖൻ ആഭിചാരക്രിയകൾ നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.

യുവതി കയറിൽ പിടയുമ്പോഴും പ്രതി ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വർക്‌ഷോപ്പിലെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. യുവതിയെ കെട്ടഴിച്ച് നിലത്തുകിടത്തി രണ്ടു തവണ പീഡിപ്പിച്ചതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. മൂന്നു മണിക്കൂറിലധികം നീളുന്ന സി സി ടി വി ദൃശ്യങ്ങളിൽ കൊലപാതകത്തിനു മുമ്പ് നടത്തിയ ആസൂത്രണവും വ്യക്തമാണ്.

പ്രതിയുടെ പുതിയ ബന്ധത്തെക്കുറിച്ച് യുവതി അറിഞ്ഞതാണ് കൊലപാതകത്തിനു കാരണമായതെന്ന് പൊലീസ് കണ്ടെത്തി. യുവതിയെ വീണ്ടും ബന്ധത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തൃശൂർ, ആലപ്പുഴ ജില്ലകളിൽ ആഭിചാരക്രിയകൾ നടത്തിയതെന്നും അന്വേഷണ സംഘം പറയുന്നു. ഈ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് നഗ്നചിത്രങ്ങളുടെ ഭീഷണി ഉപയോഗിച്ച് വർക്‌ഷോപ്പിലേക്ക് വിളിച്ചു വരുത്തി കൊലപാതകം നടപ്പാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

- Advertisement -

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന കുറിപ്പ് യുവതി ഡയറിയിൽ എഴുതിയതിനു മൂന്നു മണിക്കൂറിനകമാണ് കൊലപാതകം നടന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം തിരിച്ചെത്തി സി സി ടി വി ഹാർഡ് ഡിസ്ക് നശിപ്പിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. എന്നാൽ സംഭവത്തിൽ തുടക്കത്തിൽതന്നെ ദുരൂഹത തോന്നിയ പൊലീസ് വർക്‌ഷോപ്പ് ഉടൻ സീൽ ചെയ്തതിനാൽ ഈ ശ്രമം പരാജയപ്പെട്ടു. സി സി ടി വി ദൃശ്യങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകളും കേസിൽ വഴിത്തിരിവായി.

ആദ്യം ആത്മഹത്യയെന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ ഇടപെടലുകൾ സംശയരഹിതമായി തോന്നുന്ന തരത്തിലായിരുന്നു. പ്രദേശവാസികൾക്ക് ഇരുവരുടെയും ബന്ധത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നതിനാൽ, വൈരാഗ്യത്തിന്റെ പേരിൽ യുവതി വൈശാഖന്റെ ജോലിസ്ഥലത്തെത്തി ആത്മഹത്യ ചെയ്തതാകാമെന്നായിരുന്നു ആദ്യഘട്ട നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിലാണ് സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment