സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് (ഫെബ്രുവരി 1) മുതൽ പ്രാബല്യത്തിൽ വരും. ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് അംഗത്വവുമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐ ഡി കാർഡ് www.medisep.kerala.gov.in ൽ ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം.
പെൻഷൻകാർക്ക് അവരുടെ മെഡിസെപ്പ് ഐ ഡി യൂസർ ഐ ഡി യായും പി പി ഒ നമ്പർ പാസ്‌വേർഡായും ലോഗിൻ ചെയ്യാം. മെഡിസെപ്പ് കാർഡിൽ പേരില്ലങ്കിലോ പേരിലോ മറ്റു വിവരങ്ങളിലോ തെറ്റുണ്ടെങ്കിൽ മെഡിസെപ്പ് പരിരക്ഷ ലഭിക്കുകയില്ല. ആയതിനാൽ മെഡിസെപ്പ് ഐ ഡി കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ / കൂട്ടിച്ചേർക്കലുകൾ ആവശ്യമുണ്ടെങ്കിൽ ട്രഷറി വഴി നേരിട്ട് പെൻഷൻ കൈപ്പറ്റുന്ന പെൻഷൻകാർ അതത് ട്രഷറി മുഖേനയും ബാങ്ക് വഴി പെൻഷൻ കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും ഫെബ്രുവരി 25 നകം തിരുത്തലുകൾ വരുത്തണം. സമയ പരിധിക്കുശേഷം പ്രൊഫൈലിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐ ഡി കാർഡിൽ ഉണ്ടാകില്ല. ഫെബ്രുവരി 25 നുശേഷം ഡാറ്റയിലെ തെറ്റുകൾ തിരുത്തുന്നതിനോ ആശ്രിതരെ ഉൾപ്പെടുത്തുന്നതിനോ അവസരമുണ്ടാകില്ലെന്നും ട്രഷറി ഡയറക്ടർ അറിയിച്ചു.
