കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയ കെട്ടിടത്തിൽ പൊലിസ് വിശദ പരിശോധന നടത്തി. കോൺഫിഡന്റ് പെന്റഗൺ കോർപ്പറേറ്റ് ഓഫീസിൽ വച്ചാണ് റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്. എഫ് എസ് എൽ ലാബ് ഉദ്യോഗസ്ഥരും അശോക് നഗർ പൊലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. വെടിയുതിർത്ത തോക്കും ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. കെട്ടിടത്തിലെ സി സി ടി വി ക്യാമറകളും ഹാർഡ് ഡിസ്കുകളും കസ്റ്റഡിയിൽ എടുക്കാനും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായ നികുതി വകുപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. സി ജെ റോയ് ആത്മഹത്യ ചെയ്തു എന്ന വിവരം ജീവനക്കാരാണ് അറിയിച്ചത്. വെടിയുതിർത്ത ശബ്ദം കേട്ട് ഐ ടി ഉദ്യോഗസ്ഥരെ ഇവർ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവരിൽ നിന്ന് ഇന്നലെ തന്നെ വിശദമായ മൊഴി എടുത്തിട്ടുണ്ട്. സി ജെ റോയ്‌യുടെ മൃതദേഹം നിലവിൽ നാരായണ ആശുപത്രിയിലാണ്.
