അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ പുരസ്ക്കാരം സ്വീകരിക്കുന്നതിൽ വിയോജിപ്പുമായി സി പി ഐ (എം) ജനറൽ സെക്രട്ടറി എം എ ബേബി. വി എസ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ പത്മവിഭൂഷൺ നിരസിക്കും. ഇത്തരത്തിലൊരു അവാർഡ് സ്വീകരിക്കുന്ന രീതി ഞങ്ങൾക്കില്ലെന്ന് മറുപടി നൽകുകയും ചെയ്യുമെന്ന് എം എ ബേബി പറഞ്ഞു.
വി എസിന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. പുരസ്ക്കാര ലബ്ധിയിൽ സന്തോഷമെന്ന കുടുംബത്തിൻ്റെ പ്രതികരണത്തെയും പാർട്ടി അംഗീകരിക്കുന്നു. പുരസ്ക്കാരം വാങ്ങണമോ എന്നതും കുടുംബത്തിന് തീരുമാനിക്കാം.
പാർട്ടിക്ക് ഇക്കാര്യത്തിൽ പ്രത്യേക നിലപാട് ഇല്ലെന്നും ബേബി പ്രതികരിച്ചു. ജ്യോതി ബസുവിനും ഇ എം എസിനും അവാർഡ് നൽകാമെന്ന് പറഞ്ഞപ്പോൾ അവർ സ്വയം നിരസിക്കുകയായിരുന്നു എന്നും സി പി ഐ (എം) ജനറൽ സെക്രട്ടറി ഓർമപ്പെടുത്തി.
മരണാനന്തര ബഹുമതിയായാണ് വി എസ് അച്യുതാനന്ദന് പുരസ്ക്കാരം പ്രഖ്യാപിച്ചത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. കേരളത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ മേഖലയ്ക്ക് നൽകിയ സംഭാവനകളുടെ പേരിലാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
