ലൈംഗികാതിക്രമം ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നു. ഷിംജിത വീഡിയോ ചിത്രീകരിച്ചതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബസിലെ സി സി ടി വിയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചു. മാനഹാനി ഉണ്ടായി എന്നു പറഞ്ഞെങ്കിലും ഷിംജിത പൊലീസിൽ പരാതി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ദീപക്കിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഏഴോളം വീഡിയോകളാണ് ഷിംജിത ചിത്രീകരിച്ചിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. അവയിൽ പലതും പലപ്പോഴായി ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇരുവരും സഞ്ചരിച്ചിരുന്ന ബസിൽ പൊലീസ് പരിശോധന നടത്തി.
ബസിലെ സി സി ടി വി ദൃശ്യങ്ങളിൽ ഷിംജിത ആരോപിച്ചതു പോലെ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബസിൽ യാത്ര ചെയ്തവരും ബസ് ജീവനക്കാരും ഇതു സംബന്ധിച്ച യാതൊരു പരാതിയും നൽകിയിട്ടില്ല. സംഭവത്തിനു ശേഷം വളരെ സ്വാഭാവികമായിട്ടാണ് ഷിംജിതയും ദീപക്കും ബസിൽ നിന്നും ഇറങ്ങിപ്പോകുന്നത്. ഇത്തരത്തിൽ അതിക്രമം നേരിട്ടാൽ പൊലീസിൽ പരാതിപ്പെടുകയാണ് വേണ്ടത്. എന്നാൽ ഷിംജിത പരാതി നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ദീപക്കിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും പൊലീസ് പറയുന്നു. റിമാൻഡിലായ ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.
