മണ്ഡല – മകരവിളക്ക് തീർത്ഥാടനം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കെ അയ്യപ്പദർശന പുണ്യം തേടി സന്നിധാനത്തേക്ക് തീർഥാടകരുടെ പ്രവാഹം. അവസാന ദിവസങ്ങളിൽ ഇത്രയും തിരക്ക് അനുഭവപ്പെടുന്നത് ആദ്യമായിട്ടാണെന്ന് വർഷങ്ങളായി സന്നിധാനത്തു ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ദിവസം 99,700 ഭക്തരാണ് ദർശനത്തിന് എത്തിയത്. ഇന്നു വൈകിട്ടുവരെ 67,000 പേർ എത്തി. അപ്പം, അരവണ കൗണ്ടറുകളിൽ നീണ്ട ക്യൂവാണുള്ളത്.
തിരക്കു വർധിച്ചതോടെ പമ്പയിൽ തീർത്ഥാടകർക്ക് , പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം സന്നിധാനത്തു തമ്പടിച്ചിരുന്ന ഭക്തർ മലയിറങ്ങുന്നുണ്ട്. നെയ്യഭിഷേകം പൂർത്തിയായ ഇന്ന് പതിനെട്ടാംപടി കയറാനും ദർശനത്തിനും നാലു മണിക്കൂർ വരെ തീർത്ഥാടകർക്കു കാത്തു നിൽക്കേണ്ടി വന്നു.
ശബരിമലയിൽ തീർത്ഥാടകർക്കുള്ള ദർശനം തിങ്കളാഴ്ച രാത്രി 10 ന് പൂർത്തിയാകും. തീർത്ഥാടനത്തിനു സമാപനം കുറിച്ച് നാളെ രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 6.30 ന് നട അടയ്ക്കും. പന്തളം രാജപ്രതിനിധിക്കു മാത്രമാണ് അന്ന് ദർശനം ഉണ്ടാവുക.
