കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. അദ്ദേഹത്തിന് 80 വയസായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് കല്ലിശ്ശേരിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ആണ്. 1985 – 91 ല്‍ രാജ്യസഭാംഗമായിരുന്നു. പിന്നീട് പാര്‍ട്ടിയുമായി പിണങ്ങി കേരള കോണ്‍ഗ്രസ് (ബി)യില്‍ ചേര്‍ന്നു.
തിരികെ കേരള കോണ്‍ഗ്രസി (എം) ല്‍ എത്തിയെങ്കിലും സജീവ പ്രവര്‍ത്തനത്തില്‍നിന്നു വിട്ടു നിന്നിരുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ എസ് സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1976 മുതല്‍ 1987 വരെ കേരള കോണ്‍ഗ്രസിന്റെ ഓഫിസ് ചാര്‍ജ് വഹിക്കുന്ന ജനറല്‍ സെക്രട്ടറിയായും 1987 മുതല്‍ 1990 വരെ വൈസ് ചെയര്‍മാനുമായിരുന്നു.
