തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെ മൂന്നു നേതാക്കളെ ബി ജെ പി സസ്പെൻഡ് ചെയ്തു. ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡന്റ് കരമന ജയൻ അറിയിച്ചു.
കവടിയാർ വാർഡിലെ പരാജയത്തിലാണ് വി പി ആനന്ദിനെതിരേ (കർഷക മോർച്ച സംസ്ഥാന സമിതി അംഗം) നടപടിയെടുത്തത്. മുടവൻമുകൾ വാർഡിലെ പരാജയത്തിൽ ബി ജെ പി നേമം മണ്ഡലം സെക്രട്ടറി രാജ്കുമാറിനെയും കാഞ്ഞിരംപാറ വാർഡിലെ വോട്ടു കുറഞ്ഞതിന്റെ പേരിൽ വട്ടിയൂർക്കാവ് മണ്ഡലം മീഡിയ കൺവീനർ സുനിൽകുമാറിനെയുമാണ് സസ്പെൻഡ് ചെയ്തത്.
തിരുവനന്തപുരം കോർപറേഷനിലെ 50 വാർഡുകളിലാണ് ബി ജെ പി വിജയിച്ചത്. എന്നാൽ, കേവലഭൂരിപക്ഷത്തിന് സ്വതന്ത്ര അംഗത്തിന്റെ പിന്തുണ വേണ്ടിവന്നു. ഈ പശ്ചാത്തലത്തിലാണ്. പാർട്ടി മൂന്നു നേതാക്കൾക്കെതിരേ നടപടി എടുത്തത്.
