നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്ന് ബി ജെ പി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും കാര്യമായ വോട്ട് വർക്കല മണ്ഡലത്തിൽ ബി ജെ പിക്ക് നേടാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ ഘടക കക്ഷിയായ ബി ഡി ജെ എസ് മത്സരിക്കുമ്പോൾ വർക്കല മണ്ഡലത്തിൽ കാര്യമായ വോട്ടു നേടാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വർക്കലയിൽ ബി ജെ പി മത്സരിക്കണമെന്ന ആവശ്യം ഉയരുന്നത്. എന്നാൽ ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന വർക്കല ബി ഡി ജെ എസിന് വൈകാരിക അടുപ്പമുള്ള മണ്ഡലമാണ്.
ഈ സാഹചര്യത്തിൽ വർക്കല സീറ്റ് ബി ജെ പി ഏറ്റെടുക്കണമെങ്കിൽ അത് മുതിർന്ന നേതാക്കൾക്ക് മത്സരിക്കാൻ വേണ്ടിയാകണം. അങ്ങനെ എങ്കിൽ സീറ്റു വിട്ടു നൽകാൻ ബി ഡി ജെ എസ് തയ്യാറായേക്കും.
എന്നാൽ സീറ്റ് വിഭജനം, സീറ്റ് വച്ച്മാറൽ എന്നീ കാര്യങ്ങളിൽ ഇതുവരെ ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടില്ല. ഉഭയകക്ഷി ചർച്ചകൾ ഉടൻ തുടങ്ങുമെന്നാണ് വിവരം. അമിത് ഷായുടെ തിരുവനന്തപുരം സന്ദർശനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബി ജെ പി തുടങ്ങുമെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു.
