സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാലംഗങ്ങൾ മരിച്ചതായി വിവരം. മദീനയിലേക്ക് പോകുന്ന വഴിയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. മഞ്ചേരി വെള്ളില കളത്തിൽ വീട്ടിൽ 53 കാരനായ ജലീൽ, അദ്ദേഹത്തിൻ്റെ ഭാര്യ 41 വയസുള്ള തസ്ന, മകൻ 15 കാരൻ ആദിൽ എന്നിവരും ജലീലിൻ്റെ മാതാവായ 72 വയസുള്ള മൈമനത്ത് ബീവി എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
സൗദി അറേബ്യയിൽ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്നു ജലീൽ. ഇദ്ദേഹത്തിൻ്റെ കുടുംബം സന്ദർശനത്തിനായി സൗദിയിൽ എത്തിയതായിരുന്നു. ഫറഹയിൽ വച്ച് കാലിത്തീറ്റയുമായി പോവുകയായിരുന്ന മറ്റൊരു വാഹനത്തിൽ ഇവരുടെ വാഹനം കൂട്ടിയിടിച്ചാണ് ഇന്നലെ വൈകീട്ട് അപകടം സംഭവിച്ചത്. ഉംറ ചെയ്ത ശേഷം മദീനയിലേക്ക് പോകുന്ന വഴിയ്ക്കാണ് അപകടം ഉണ്ടായത്. ജലീൽ – തസ്ന ദമ്പതികളുടെ മറ്റു മക്കളായ ഫാത്തിമ, നൂറ, അയിഷ എന്നിവർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
