വി കെ പ്രശാന്ത് എം എല്‍ എയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് ആർ ശ്രീലേഖ. കോർപറേഷൻ കെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ എം എൽ എ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നാണ് കോർപറേഷന്റെ വാദം.
ഈ ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചു തരട്ടെ. തന്റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ല. തന്റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാൻ ആവശ്യപ്പെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു.
ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര് ശ്രീലേഖ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്.
ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപ്പറേഷന്റെ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ്. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെയാണ് ശ്രീലേഖ ആവശ്യപ്പെട്ടത്.
കൗണ്‍സിൽ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ച് വരെ ഇതിന്റെ കാലാവധി ബാക്കിയുണ്ട്. കെട്ടിടം ഒഴിപ്പിക്കാൻ ബി ജെ പിക്കു ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എം എൽ എക്ക് ഓഫീസ് ഒഴിയേണ്ടി വരും.
