തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഒൻപതാമത് പ്രസിഡന്റായി വി പ്രിയദർശിനി അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി സത്യവാചകം ചൊല്ലികൊടുത്തു.
15 വോട്ടുകൾ നേടിയാണ് വി പ്രിയദർശിനി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കല്ലമ്പലം ഡിവിഷനിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായാണ് വി പ്രിയദർശിനി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫിന്റെ ആഗ്നസ് റാണിക്ക് 13 വോട്ട് ലഭിച്ചു.
നാവായിക്കുളം ഡിവിഷനിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി വിജയിച്ച ബി പി മുരളി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റു. പ്രസിഡന്റ് വി പ്രിയദർശിനി സത്യവാചകം ചൊല്ലി കൊടുത്തു. ബി പി മുരളി 15 വോട്ടുകൾ നേടി. യു ഡി എഫ് സ്ഥാനാർഥി സജിത്ത് മുട്ടപ്പലം 13 വോട്ടുകൾ നേടി.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി, എം എൽ എമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, ഡി കെ മുരളി, ജി സ്റ്റീഫൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
