തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സി പി എം ജില്ലാ കമ്മിറ്റി. മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഭാഗത്തു നിന്ന് കനത്ത അഹങ്കാരവും കെടുകാര്യസ്ഥതയും ഉണ്ടായിയെന്നാണ് പ്രധാന വിമര്‍ശനം. മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എം എല്‍ എയുമായ വി കെ പ്രശാന്ത് മേയര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചതെന്നാണ് വിവരം. മേയര്‍ക്കെതിരെ ഭൂരിഭാഗം നേതാക്കളും വിമര്‍ശനം ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ പൊതു സാഹചര്യങ്ങളും തോല്‍വിയില്‍ നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശന് ഒപ്പം കാറില്‍ യാത്ര ചെയ്തത്, ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ കൊള്ള തുടങ്ങിയ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. നഗരസഭ ഒഴികെയുള്ള മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ മുന്നിലെത്താന്‍ കഴിഞ്ഞെങ്കിലും വിജയത്തിന് 2020 ലെ തിളക്കമില്ലെന്ന അഭിപ്രായവും ചര്‍ച്ചയായി.
അതുപോലെ തന്നെ, തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും തിരിച്ചടിയായി. പാര്‍ട്ടിക്ക് മൂന്നു ജില്ലാ സെക്രട്ടറിമാരുണ്ടെന്ന പ്രതീതിയാണ് പലപ്പോഴും ഉണ്ടായത്. അതുപോലെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസും ബി ജെ പിയും മികച്ച സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയപ്പോള്‍ സി പി എം പ്രഖ്യാപനം ഏറെ വൈകി. പലയിടത്തും നേതാക്കള്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി മാറി. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സി പി എം ജില്ലാ കമ്മിറ്റി വിലയിരുത്തി.
