സിന്തറ്റിക് ഉൽപ്പന്നങ്ങളുമായി സഹോദരങ്ങൾ അടക്കം നാലുപേർ പിടിയിലായി. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് (29), അനുജൻ ഷമീർ (26), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ (28), മുഫാസിൽ (29) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും മംഗലപുരം പൊലീസും ചേർന്ന് പിടികൂടിയത്.
പ്രതികളിൽ നിന്നും 22 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
റൂറൽ ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഓട്ടോയിൽ കടക്കുകയായിരുന്ന സംഘത്തെ ഓട്ടോ തടഞ്ഞാണ് പിടികൂടിയത്. ഷഫീഖും ഷമീറും നിരവധി കേസുകളിൽ പ്രതികളായ കൊടും ക്രിമിനലുകളാണന്ന് പൊലിസ് പറഞ്ഞു.
സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്നത്, യുവാവിനെ തട്ടികൊണ്ടുപോയി ബന്ദിയാക്കി മർദ്ദിച്ച സംഭവത്തിൽ
പിടി കൂടാനെത്തിയ പൊലീസിനു നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ടത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് സഹോദരങ്ങളായ ഷഫീഖും ഷമീറും.
2023 ൽ മംഗലപുരത്ത് കസ്റ്റഡിയിലിരിക്കെ ഷമീർ കഴുത്ത് മുറിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. മുൻപ് ഗുണ്ടകളുമായുള്ള ബന്ധത്തിൻ്റെ പേരിൽ മംഗലപുരം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മുഴുവൻ സ്ഥലം മാറ്റിയിരുന്നു.
നിരവധി കേസുകളിൽ പ്രതികളായ ഇവർ ജാമ്യത്തിലിറങ്ങി ലഹരി കച്ചവടം നടത്തിവരികയായിരുന്നു.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
