തിരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ കഴിഞ്ഞു ; നന്ദി – തിരഞ്ഞെടുപ്പ് കമ്മീഷണർ

At Malayalam
4 Min Read

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നന്ദി അറിയിച്ചു. ഏകദേശം ഒന്നര വർഷം മുൻപ് ആരംഭിച്ച വാർഡ് പുനർവിഭജനവും രണ്ടുഘട്ടമായി നടത്തിയ വോട്ടെടുപ്പും വോട്ടെണ്ണലും ഉൾപ്പെടെയുള്ള സമഗ്രമായ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും സുഗമവും പ്രശ്നരഹിതവുമായി പൂർത്തിയാക്കാനായി. സമാധാനപരമായ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ സഹകരിച്ച മുഴുവൻ സമ്മതിദായകർക്കും സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും കമ്മീഷണർ നന്ദി അറിയിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളുടെയും ജില്ലാ ഭരണകൂടങ്ങളുടേയും തദ്ദേശസ്ഥാപന ഭരണ സംവിധാനങ്ങളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കൃത്യമായ ഏകോപനത്തോടെ തദ്ദേശതിരഞ്ഞെടുപ്പ് പൂർത്തിയാക്കാനായത്. മാതൃകാപെരുമാറ്റച്ചട്ടം, ഹരിതചട്ടം, ക്രമസമാധാനം എന്നിവ പാലിച്ച് തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ കഴിഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വരണാധികാരികൾ, പോളിംഗ് ഓഫീസർമാർ, നിരീക്ഷകർ, മാധ്യമപ്രവർത്തകർ തുടങ്ങിയ എല്ലാവരുടേയും സഹകരണം ഓരോ നടപടികളിലും പ്രകടമായിരുന്നു.

പൊലീസ്, എക്സൈസ്, വനം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകൾക്കും കെ എസ് ഇ ബി, വാട്ടർ അതേറിറ്റി, ഗ്രാമലക്ഷ്മിമുദ്രാലയം, സി – ആപ്റ്റ്, കെ ബി പി എസ്, തുടങ്ങിയ സ്ഥാപനങ്ങൾക്കും സാങ്കേതിക സഹായം നൽകിയ എൻ ഐ സി, ഐ കെ എം, ബി എസ് എൻ എൽ, കെൽട്രോൺ, ഐ ടി മിഷൻ എന്നീ സ്ഥാപനങ്ങൾക്കും ബാലറ്റ് പേപ്പർ ഉൾപ്പെടെയുള്ളവയുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കിയ സർക്കാർ പ്രസ്സുകൾക്കും കമ്മീഷണർ നന്ദി അറിയിച്ചു.

സത്യപ്രതിജ്ഞ 21 ന് : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ / ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ടത്. സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോർപ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടർമാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികൾ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്.
ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ / ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും.

- Advertisement -

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ ഡിസംബർ 21 ന് രാവിലെ 10 നും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. ഈ യോഗത്തിൽ അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് : ചെലവ് കണക്ക് സമർപ്പിക്കണം

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ചെലവ് കണക്കുകൾ 2026 ജനുവരി 12 ന് മുൻപ് ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഓൺലൈനായി ചെലവ് കണക്ക് നൽകേണ്ടത്.
സ്ഥാനാർത്ഥികൾ കമ്മീഷൻ വെബ് സൈറ്റിൽ (www.sec.kerala.gov.in) ലെ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോഡ്യൂളിൽ ലോഗിൻ ചെയ്തു വേണം ഓൺലൈനായി സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിക്കാൻ കഴിയത്താവർക്ക് ബില്ല്, രസീത്, വൗച്ചർ എന്നിവ ഉൾപ്പെടെയുള്ള ചെലവ് കണക്ക് വിവരം നേരിട്ടും സമർപ്പിക്കാം.
സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത്. സ്ഥാനാർത്ഥിയോ തിരഞ്ഞെടുപ്പ് ഏജന്റോ ചെലവാക്കിയ തുക കണക്കിൽപ്പെടുത്തണം. കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. ഇവയുടെ ഒറിജിനൽ സ്ഥാനാർത്ഥി സൂക്ഷിക്കുകയും ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി ഹാജരാക്കണം.

തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ കമ്മീഷൻ അഞ്ചു വർഷത്തേക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാക്കും. ഉത്തരവ് തീയതി മുതൽ അഞ്ചു വർഷത്തേക്കാണ് അയോഗ്യത. നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കിയാലും തെറ്റായ വിവരം നൽകിയെന്ന് ബോധ്യപ്പെട്ടാലും കമ്മീഷൻ അവരെ അയോഗ്യരാക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് ചെലവിനത്തിൽ ഒരു സ്ഥാനാർത്ഥി / തിരഞ്ഞെടുപ്പ് ഏജന്റിന് ഗ്രാമപഞ്ചായത്തിൽ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിൽ 75,000 രൂപ വീതവും കോർപ്പറേഷൻ, ജില്ലാ പഞ്ചായത്തുകളിൽ 1,50,000 രൂപയുമാണ് പരമാവധി വിനിയോഗിക്കാവുന്ന തുക.

മാതൃകാ പെരുമാറ്റച്ചട്ടം പിൻവലിച്ചു

- Advertisement -

സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം ഇന്നലെ (ഡിസംബർ 15) മുതൽ പിൻവലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. എന്നാൽ സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് മൂന്ന് വാർഡുകളിൽ പ്രത്യേക തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ മാതൃകാപെരുമാറ്റചട്ടം നിലനിൽക്കുന്നതായിരിക്കും.
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് നവംബർ 10 മുതലായിരുന്നു മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിലവിൽ വന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment