കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 7 മുതൽ 13 വരെ

At Malayalam
1 Min Read

രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെ നിയമസഭാ വളപ്പില്‍ നടക്കും. പുസ്തകോത്സവത്തില്‍ പതിവുപോലെ പ്രവേശനം തീര്‍ത്തും സൗജന്യമായിരിക്കും. ഈ ദിവസങ്ങളില്‍ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദര്‍ശിക്കാനും അവസരമുണ്ടാകും. ഇരുന്നൂറിലധികം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍, 250ലേറെ സ്റ്റാളുകളാണ് ഇത്തവണയും നിയമസഭാവളപ്പില്‍ തയ്യാറാക്കുക.

തസ്ലിമ നസ്രിന്‍, റാണാ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുല്‍ ഷിലേദാര്‍, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് ദേശീയ – അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക – സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കും ഒപ്പം, മലയാളത്തിന്റെ പ്രിയപ്പെട്ട നിരവധി എഴുത്തുകാരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും.

പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിങ്ങനെ ആറു വേദികളിലായി നിരവധി പരിപാടിള്‍ പുസ്തകോത്സവത്തെ സമ്പന്നമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം സജ്ജീകരിക്കുന്ന സ്റ്റുഡന്റ്സ് കോര്‍ണറില്‍ നിരവധി പ്രമുഖര്‍ കുട്ടികളുമായി സംവദിക്കും. പപ്പറ്റ് ഷോകള്‍, മാജിക് ഷോകള്‍, കുട്ടികളുടെ പരിപാടികള്‍ തുടങ്ങിയവ സ്റ്റുഡന്റ് കോര്‍ണര്‍ വേദിയെ ആകര്‍ഷകമാക്കുന്നു. പ്രസാധകര്‍ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും നിയമസഭയിലെ മൂന്ന് വേദികളിലായി നടക്കും. നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന മാതൃകാ നിയമസഭ എന്ന പരിപാടി മാത്രം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളിലും നടക്കും.

ജനുവരി 8 മുതല്‍ 12 വരെ വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കുന്നു എന്നത് ഇത്തവണത്തെ പ്രധാന ആകർഷണമാണ്. പുസ്തകോത്സവരാവുകളെ വര്‍ണ്ണാഭമാക്കുന്ന മെഗാഷോകള്‍, കേരളത്തിന്റെ രുചിവൈവിധ്യമറിയാന്‍ ഭക്ഷ്യമേള, ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൈയൊപ്പ് വാങ്ങാന്‍ അവസരവുമുണ്ടാകും. അറിവിന്റെ ജനാധിപത്യം ആഘോഷിക്കുന്ന ഏഴ് ദിനരാത്രങ്ങളാകും നിയമസഭാ പുസ്തകോത്സവം തലസ്ഥാന നഗരിക്ക് നൽകുന്നത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment