തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ നഗരസഭാ തിരഞ്ഞെടുപ്പിൽ പല വാർഡുകളിലും നടന്ന അട്ടിമറികൾ ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്.
ഒന്നാം വാർഡ് ആയ കൊച്ചുവിളയിൽ നോമിനേഷൻ സമർപ്പിക്കുന്നതിന്റെ തലേന്ന് വരെ കോൺഗ്രസിന്റെ ഭാരവാഹിയായിരുന്ന കെ ബൈജുവാണ് മുസ്ലിം ലീഗിന്റെ തോണി ചിഹ്നത്തിൽ മത്സരിച്ചു തിരഞ്ഞെടുപ്പിൽ വിജയിച്ചത്. വരുന്ന അഞ്ചുവർഷക്കാലം ബൈജു ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ വക്താവായി യു ഡി എഫ് നിരയിൽ തന്നെ നിൽക്കേണ്ടിവരും.
രണ്ടാം വാർഡ് ആയ ആലംകോട് വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി ലാലിയുടെ ഭൂരിപക്ഷം ഒരു വോട്ടാണ്.
ഒരു സീറ്റ് കൊടുക്കാമെന്ന് യു ഡി എഫ് നേതൃത്വം അറിയിച്ചിട്ടും പിണങ്ങി മാറി രണ്ടു സീറ്റുകളിൽ ശക്തി തെളിയിക്കാനായി മത്സരിച്ച ആർ എസ് പിക്ക് ദയനീയ തോൽവിയുണ്ടായതും കൗതുകമായി. ആർ എസ് പി മത്സരിച്ച വലിയകുന്നിൽ 19 വോട്ടും ടൗണിൽ എട്ട് വോട്ടും നേടി അവരുടെ ‘വൻ കരുത്ത് ‘ തെളിയിക്കേണ്ടിയും വന്നു.
ചില വാർഡുകളിലെ മുന്നണി സ്ഥാനാർത്ഥികളുടെ സ്ഥിതി വളരെ സഹതാപകരവും പരിഹാസ്യവുമായി. ഒന്നാം വാർഡിൽ മത്സരിച്ച ബി ജെ പിക്ക് 62 വോട്ടും കരിച്ചിയിൽ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയ 24 വോട്ടും എം പ്രദീപ് വിജയിച്ച തച്ചൂർകുന്നിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയ30 വോട്ടും കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി വിജയിച്ച മനോമോഹനവിലാസം വാർഡിൽ കോൺഗ്രസിന് കിട്ടിയ 32 വോട്ടും കൊട്ടിയോട് വാർഡിൽ കോൺഗ്രസിന് കിട്ടിയ 56 വോട്ടും കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി വിജയിച്ച മാമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയ 161 വോട്ടും അതത് പാർട്ടികൾക്ക് വലിയ ക്ഷീണമായി.
