രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ് ഐ ആറിലെ വിവരങ്ങൾ പുറത്ത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ രാഹുൽ, സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്നങ്ങളുണ്ടായിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പിന്നീട് നേമം സ്റ്റേഷനിലെക്ക് കൈമാറി. യുവതിയുടെ രഹസ്യ മൊഴി എടുക്കാൻ ഇന്നു തന്നെ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.
പീഡന പരാതിയില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. രാഹുല്‍ കേരളം വിട്ടെന്നാണ് സൂചന. രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫിലാണ്. രാഹുലിനെ തേടി പാലക്കാടും പത്തനംതിട്ടയിലും പൊലീസ് അന്വേഷണം നടത്തി. യുവതിക്ക് ഗർഭച്ഛിദ്ര ഗുളികകൾ എത്തിച്ച് നല്കിയ രാഹുലിന്റെ സുഹൃത്തിനായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, കേസില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് രാഹുൽ അപേക്ഷ നൽകിയത്. ആർ എസ് എസ് അഭിഭാഷകനായ ശേഖർ ജി തമ്പിയാണ് രാഹുലിനായി അപേക്ഷ നൽകിയിരിക്കുന്നത്.
