തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർത്ഥിക്കൊപ്പം വോട്ട് ചോദിക്കാൻ വീട്ടിലെത്തിയ ആള് വീട്ടമ്മയെ ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ ബി ജെ പി സ്ഥാനാർത്ഥിയ്ക്ക് ഒപ്പം എത്തിയ രാജുവിനെതിരെയാണ് പരാതി. രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു.
സ്ഥാനാര്‍ത്ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് ബി ജെ പി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറി പിടിച്ചത്. രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടി. തുടർന്ന് വീട്ടമ്മ മംഗലപുരം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസെടുത്തതോടെ രാജു ഒളിവിൽ പോയി. രാജു പാര്‍ട്ടി അംഗമോ ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നും ബി ജെ പി നേതാക്കൾ പറയുന്നു.
