ബി എൽ ഒ മാർക്ക് മാനസിക സമ്മർദം ; ജില്ലാ കളക്ടുടെ വീഡിയോ പുറത്ത്

At Malayalam
2 Min Read

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ( എസ്‌ ഐ ആർ ) വുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാർ(ബി എൽ ഒ) നേരിടുന്നത് കടുത്ത സമ്മർദമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ മലയാളത്തിലെ ഒരു സ്വകാര്യ ദൃശ്യമാധ്യമം പുറത്തു വിട്ടു. കോഴിക്കോട് ജില്ലാ കളക്ടറായ സ്‌നേഹിൽ കുമാർ സിംഗ് വിളിച്ചു ചേർത്ത എസ്‌ ഐ ആർ അവലോകന യോഗത്തിൽ ജീവനക്കാരെ സമ്മർദത്തിൽ ആക്കുന്ന രീതിയിലാണ് ജില്ലാ കളക്ടർ ഇത്തരത്തിൽ സംസാരിക്കുന്നത്.

ജോലി ചെയ്യുന്നില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യണം ഇല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറയുന്ന വീഡിയോയും വാർത്താ ചാനൽ പുറത്തുവിട്ടു. സൂപ്പർവൈസർമാർ ഓരോ മണിക്കൂർ ഇടവിട്ട് ബി എൽ ഒമാരെ വിളിച്ചു കൊണ്ടിരിക്കണം. എവിടെയാണ് എന്താണ് എന്നെല്ലാം അന്വേഷിക്കണമെന്നും കളക്ടർ പറയുന്നു. ആരൊക്കെയാണ് ജോലി ചെയ്യാത്ത ബി എൽ ഒമാർ, അവരുടെ ലിസ്റ്റ് തരൂ, അവരെ ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്യാം അല്ലെങ്കിൽ ടെർമിനേറ്റ് ചെയ്യാം എന്നാണ് കളക്ടർ പറയുന്നത്.

അതേസമയം അധിക ജോലിഭാരവും സമ്മർദവുമാണ് ബി എൽ ഒമാർ നേരിടുന്നതെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ പ്രതികരണങ്ങളാണ് ഇതിനോടകം പുറത്തുവരുന്നത്. വോട്ടർമാരുടെ വിവരങ്ങൾ മൊബൈൽ ആപിൽ എൻട്രിചെയ്യാനുള്ള ഉത്തരവും സമയപരിധി വർധിപ്പിച്ചതും സമ്മർദം ഇരട്ടിയാക്കിയെന്ന് ബി എൽ ഒമാർ പറയുന്നു.

കണ്ണൂർ പയ്യന്നൂരിൽ ബി എൽ ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത് ജോലി സമ്മർദത്താലാണ് എന്നാണ് നിഗമനം. എസ്‌ ഐ ആറുമായി ബന്ധപ്പെട്ട ജോലികളിൽ അദ്ദേഹത്തിന് സമ്മർദമുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പയ്യന്നൂര്‍ മണ്ഡലം പതിനെട്ടാം ബൂത്ത് ബി എല്‍ ഒ അനീഷ് ജോര്‍ജിനെയാണ് കഴിഞ്ഞ ദിവസം വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുമുണ്ട്.

- Advertisement -

ജോലിയിലെ മാനസിക സമ്മര്‍ദ്ദത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി എഫ്‌ ഐ ആറിൽ പറയുന്നു. എന്യൂമറേഷന്‍ ഫോറം15 നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ 200 ൽ അധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി. അനീഷ് ഈ വര്‍ഷമാണ് പുതുതായി ബി എല്‍ ഒ ആയി ചുമതലയേറ്റത്.

അതേസമയം അനീഷിന്റെ ആത്മഹത്യയില്‍ ജീവനക്കാരുടെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജീവനക്കാർക്കൊപ്പം എന്നവകാശപ്പെടുന്ന സംഘടനകൾ ഇപ്പോൾ വാ തുറന്നില്ലെങ്കിൽ ഇനി എപ്പോഴാണതെന്നാണ് സാധാരണ സർക്കാർ ജീവനക്കാർ ചോദിക്കുന്നത്. സൗമ്യമായി ജീവനക്കാരോട് ഇടപെട്ടു കൊണ്ടിരിക്കുന്ന ജില്ലാ കളക്ടർമാരിൽ പലരുടേയും തനി സ്വരൂപം പുറത്തു വരുന്നത് തെരഞ്ഞെടുപ്പ് സമയങ്ങളിലാണെന്ന് ജീവനക്കാർ പറയുന്നു. ജില്ലാതല ഉദ്യോഗസ്ഥരോട് അങ്ങേയറ്റം മ്ലേച്ഛമായും അപമാനകരമായും സംസാരിക്കുകയും അനാവശ്യ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന വിനോദങ്ങളിൽ ഏർപ്പെടുന്നവരാണത്രേ ഇവരിൽ പലരും. തെരഞ്ഞെടുപ്പു കാലത്ത് ലഭിക്കുന്ന അധിക അധികാരത്തിൽ ഭ്രമിച്ചു പോകുന്ന ഇവരിൽ ചിലർ ജീവനക്കാരെ അടിമകളെപ്പോലെയാണ് കാണുന്നതെന്നും, ക്രൂരമായ അപമാനങ്ങളും മാനസിക സമ്മർദ്ദവുമാണ് ഉന്മത്തരായ ചില ജില്ലാ കളക്ടർമാർ ജീവനക്കാർക്കു നേരേ പ്രയോഗിയുന്നതെന്നും ജില്ലാ ഭരണകൂടത്തിലുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നു. ജില്ലാ കളക്ടർ ആയിരുന്ന ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ തെരഞ്ഞെടുപ്പു സമയത്ത് തൻ്റെ കുഴിനഖം ചികിത്സിക്കാൻ സർജൻ വൈകിയെത്തി എന്നാരോപിച്ച് ഡോക്ടർമാരുടെ മെയ്ക്കിട്ടുകയറിയതും ഒടുവിൽ ഡോക്ടർമാരുടെ സംഘടനയുടേയും മാധ്യമങ്ങളുടേയും മുന്നിൽ അപമാനിതനായി മാറിയതും സമീപകാല ചരിത്രമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment