തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആനന്ദ് കെ തമ്പി ബി ജെ പി പ്രവർത്തകൻ അല്ലെന്ന വിശദീകരണവുമായി പാർട്ടി നേതൃത്വം. ബി ജെ പിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ആനന്ദിന്റെ പേരുണ്ടായിരുന്നില്ലെന്നും അയാൾ ഒരുകാലത്തും പ്രവർത്തകനായിരുന്നിട്ടില്ലെന്നും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. ആനന്ദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ബിജെപി നേതാക്കൾ.
ആനന്ദിന്റെ മരണം ദുഃഖകരമാണ്. ആനന്ദ് ബി ജെ പി പ്രവർത്തകൻ അല്ല. ബി ജെ പിയുടെ സ്ഥാനാർത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ല. ഒരു കാലത്തും പ്രവർത്തകനായിരുന്നിട്ടില്ല. ഉദ്ദവ് താക്കറെ ശിവസേനയിൽ ആണ് ആനന്ദ്. അതിന്റെ അംഗത്വം എടുത്തിരുന്നു. അങ്ങനെയൊരു യുവാവിന്റെ മരണം ബി ജെ പിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും എസ് സുരേഷും മത്സരരംഗത്തുള്ള ആർ ശ്രീലേഖയും മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരത്ത് ബി ജെ പിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ പട്ടികയാണ് പുറത്തിറക്കിയതെന്നും എസ് സുരേഷ് പറഞ്ഞു. രാജീവ് ചന്ദ്രശേഖർ നേതാവ് ആയത് അച്ഛന്റെ തണലിൽ അല്ല. രാജീവ് ചന്ദ്രശേഖരിനെ വിമർശിക്കാൻ കെ മുരളീധരൻ അഞ്ച് ജന്മം ജനിക്കണം. മരിച്ചവരുടെ ശരീരം വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ഐ സി ബാലകൃഷ്ണൻ ഇന്ന് പ്രതികൂട്ടിൽ ആണ്. കെ മുരളീധരൻ ചാരിത്ര്യ പ്രസംഗം നടത്തരുതെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു. ആനന്ദ് കെ തമ്പിയുടെ മരണവുമായി ബന്ധപ്പെട്ട് കെ മുരളീധരൻ നടത്തിയ വിമർശനങ്ങളോടായിരുന്നു നേതാക്കളുടെ പ്രതികരണം.
അതേസമയം, മരിക്കുന്നതിന് മുൻപ് ആനന്ദ് സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സുഹൃത്തിനോട് പറയുന്നുണ്ട്. സംഘടനക്ക് വേണ്ടി എല്ലാം നൽകിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നു. പലയിടത്തുനിന്നും സമ്മര്ദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറഞ്ഞു.
ആനന്ദിന്റെ ആത്മഹത്യയിൽ പൂജപ്പുര പൊലീസ് കേസെടുത്തു. സീറ്റ് നിഷേധിച്ചതിലെ മനോവിഷമത്തെതുടര്ന്നാണ് ആത്മഹത്യയെന്നാണ് എഫ് ഐ ആര്. ആനന്ദിന്റെ സഹോദരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ് ഐ ആർ തയ്യാറാക്കിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ആനന്ദിന്റെ പോസ്റ്റ്മോര്ട്ടം നടന്നു.
ആനന്ദ് തന്റെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ചിട്ടുള്ള ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ആനന്ദിന് മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനോവിഷമത്തിലായിരുന്നു. ഇതേത്തുടർന്നാണ് ആത്മഹത്യയെന്നാണ് അറിയാൻ സാധിച്ചതെന്നാണ് ബന്ധുവിന്റെ മൊഴി. ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നവരുടെ മൊഴി വൈകാതെ ശേഖരിക്കുമെന്നാണ് വിവരം. ബി ജെ പി ഏരിയാ പ്രസിഡന്റ് ഉദയകുമാർ,നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർ എസ് എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.
ബി ജെ പി ഏരിയാ പ്രസിഡന്റ് ഉദയകുമാർ, നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർ എസ് എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കുശേഷമായിരിക്കും ഇവരെയും ചോദ്യം ചെയ്യുക.
തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ബി ജെ പി പ്രവർത്തകനായിരുന്നു ആനന്ദ്. കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിന്റെ മനോവിഷമത്തിൽ ഇന്നലെയാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ആനന്ദിന്റെ ആത്മഹത്യക്കുറിപ്പും പുറത്തുവന്നിരുന്നു. ഇന്നലെ വൈകിട്ട് വീടിന് പുറകിലെ ഷെഡ്ഡിൽ ഇദ്ദേഹത്തെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നാലേകാലോടെ സുഹൃത്തുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. 4.45 ഓടെ ആശുപത്രിയിലെത്തിച്ചെങ്കിലും 5.05 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ബി ജെ പിയുടെ പ്രാദേശിക നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമർശനമുള്ള ആനന്ദിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തെത്തിയിട്ടുണ്ട്.
തൃക്കണ്ണാപുരം വാർഡിലെ ബി ജെ പി ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടൻ എന്നറിയപ്പെടുന്ന ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർ എസ് എസിന്റെ നഗർ കാര്യവാഹക് രാജേഷ് എന്നിവർ മണ്ണ് മാഫിയ ആണെന്ന് ആനന്ദിന്റെ കുറിപ്പിലുണ്ട്. അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിന്റെ ഒരു ആൾ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) ബി ജെ പി സ്ഥാനാർത്ഥിയാക്കിയതെന്നും ആനന്ദ് കുറിപ്പിൽ ആരോപിക്കുന്നു.
