ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കും. തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ലഭിക്കുക. കഴിഞ്ഞദിവസം ചൈനയിൽ കരകയറിയ രഗാസ ചുഴലിക്കാറ്റിൻ്റെ സ്വാധീനവും മഴ ശക്തിപ്പെടുത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.
മ്യാൻമറിനോട് ചേർന്ന് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം ഉണ്ടാക്കുക. ഇത് തീവ്രമായി മാറി കാലവർഷക്കാറ്റിനെ സ്വാധീനിക്കും. തമിഴ്നാട്ടിലും മഴ കനക്കും. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.