തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കൊല്ലപ്പെട്ട കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജനെ (59) ഇടിച്ച വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ് എച് ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് അപകടത്തിനു കാരണമായത് എന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ട് കാർ നിർത്താതെ പോവുകയായിരുന്നു.
സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. വാഹനം അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ് ഐ ആർ. കൂലിപ്പണിക്കാരനായ രാജൻ റോഡിൽ ചോരവാർന്ന് ഒരു മണിക്കൂറോളം കിടന്ന ശേഷം പുലർച്ചെ ആറു മണിയോടെ നാട്ടുകാരാണ് കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിളിമാനൂർ പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വാഹനം ഓടിച്ചത് അനിൽകുമാറാണോ എന്ന് പരിശോധിക്കും. അനിൽകുമാറാണ് ഓടിച്ചിരുന്നത് എന്നു തെളിഞ്ഞാൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കും. സമീപത്തെ കൂടി കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഡ്രൈവർ ആര് എന്നു തിരിച്ചറിയാൻ ശ്രമിക്കുന്നത്. അടുത്ത ദിവസം അനിൽകുമാറിനെ കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്കു കടക്കാനും സാധ്യതയുള്ളതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.