എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ മനസിലുമുളളത് ആലപ്പുഴയാണെന്നും ആലപ്പുഴയിൽ സ്ഥലം തന്നാല്‍ എയിംസ് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തടസം നിന്നാല്‍ എയിംസ് തൃശൂരിലേക്ക് ആവശ്യപ്പെടുമെന്നും തൃശൂരില്‍ എയിംസ് വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തടസം നിന്നാല്‍ താന്‍ സമര രംഗത്തിറങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആലപ്പുഴയുടെ ദുരിതാവസ്ഥയ്ക്ക് എയിംസ് പരിഹാരമാകും. ആലപ്പുഴയില്‍ സര്‍ക്കാര്‍ തടസം നിന്നാല്‍ തൃശൂരിലേക്ക് എയിംസ് ആവശ്യപ്പെടും. അവിടെയും തടസം നിന്നാല്‍ ഞാന്‍ സമര രംഗത്തിറങ്ങും. തൃശൂര്‍ കോര്‍പ്പറേഷന്‍ ബി ജെ പിക്കു തന്നാല്‍ വികസനം ഉറപ്പാക്കും. തൃശൂരില്‍ നിരവധി പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ ഉറപ്പുനല്‍കിയിട്ടും പദ്ധതികള്‍ കോര്‍പ്പറേഷന്‍ സമര്‍പ്പിച്ചിട്ടില്ലന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരൂവെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. തന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് കേരളത്തില്‍ എയിംസ് പദ്ധതി പ്രഖ്യാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസിനു വേണ്ടി ഒരേയൊരു ഓപ്ഷനേ കേരളം കേന്ദ്രത്തിന് നല്‍കിയിട്ടുളളു. മൂന്ന് ഓപ്ഷനുകളാണ് നല്‍കേണ്ടത്. എന്നാല്‍ ആ ഒരു ഓപ്ഷന് വേണ്ട ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലുളള മറ്റ് കാര്യങ്ങള്‍ അന്വേഷിക്കും. എന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് കേരളത്തില്‍ എയിംസ് പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത് എന്ത് തര്‍ക്കമുണ്ടെങ്കിലും തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരൂവെന്നും സുരേഷ് ഗോപി പറഞ്ഞു.