കലാപബാധിത നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രിയായി കുല്‍മന്‍ ഘിസിങ് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിൻ്റെ ഊര്‍ജ പ്രതിസന്ധി പരിഹരിച്ചെന്ന ഖ്യാതിയുള്ള ഈ 54 കാരന്‍, നേപ്പാള്‍ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. സാമൂഹികമാധ്യമ നിരോധനത്തിനും രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന അഴിമതിക്കുമെതിരേ യുവാക്കള്‍ തെരുവിലിറങ്ങുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെയാണ് കെ പി ശര്‍മ ഒലിക്ക് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.
കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ, നേപ്പാള്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി എന്നിവരുടെ പേരുകളും പ്രധാനമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ കുല്‍മനിലേക്ക് എത്തിച്ചേരുകയായിരുന്നു. ഏവര്‍ക്കും പ്രിയങ്കരനായ ദേശസ്‌നേഹി എന്നാണ് ജെന്‍ സീ പ്രതിഷേധക്കാര്‍ കുല്‍മനെ വിശേഷിപ്പിച്ചത്. 1979 നവംബര്‍ 25 ന് ബേതാനില്‍ ജനിച്ച കുല്‍മന്‍, ഇന്ത്യയിലെ ജംഷഡ്പുരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയത്.
കാഠ്മണ്ഡു മേയറായിരുന്ന ബാലേന്ദ്രയ്ക്കായിരുന്നു പ്രധാനമന്ത്രിപദത്തിലേക്കുള്ള ജെന്‍ സീ പ്രതിഷേധക്കാരുടെ ആദ്യ പരിഗണന. എന്നാല്‍, അദ്ദേഹം അതിന് തയ്യാറാകാതെ വന്നതോടെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീലയിലേക്കെത്തി. എന്നാല്‍, പ്രതിഷേധക്കാരില്‍ ഒരുവിഭാഗം അനിഷ്ടം പ്രകടിപ്പിച്ചതോടെ കുല്‍മാനിലേക്ക് എത്തിച്ചേരുകയായിരുന്നു. മുന്‍ ജഡ്ജിമാര്‍ പ്രധാനമന്ത്രിയാകുന്നതിനെ നേപ്പാള്‍ ഭരണഘടന വിലക്കുന്നുണ്ടെന്നും അവര്‍ക്ക് പ്രായക്കൂടുതലാണെന്നും സുശീലയ്‌ക്കെതിരേ നിലകൊണ്ടവര്‍ വാദിക്കുന്നു.