ഓണക്കാലത്ത് സഹകരണ മേഖലയിൽ റെക്കോർഡ് വില്പന നടന്നു. ആകെ നടന്നത് 312 കോടി രൂപയുടെ വിൽപനയാണ്. അതിൽ 187 കോടി രൂപയുടേതും കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണവിപണികളിലൂടെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കൺസ്യൂമർഫെഡിന് ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ പി എം ഇസ്മയിൽ കൊച്ചിയിൽ പറഞ്ഞു.
സഹകരണ മേഖലയിലെ 750 ഓളം സൂപ്പർ മാർക്കറ്റുകളിലൂടെ 125 കോടി രൂപയുടെ വിൽപ്പനയും നടന്നു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെയും മറ്റു നിത്യോപയോഗ സാധനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലുമാണ് വിപണിയിലെത്തിച്ചത്. 11 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് ലിറ്ററിന് 339 രൂപക്ക് ഓണച്ചന്തകളിലൂടെ വിറ്റത്. മൂന്ന് ബിയർ യൂണിറ്റുകൾ ഉൾപ്പെടെ 49 വിദേശമദ്യ ഷോപ്പുകളിലൂടെ 110 കോടി രൂപയുടെ മദ്യ വില്പനയും കൺസ്യൂമർഫെഡിൽ ഓണക്കാലത്തുണ്ടായി.