തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാർഡുകൾക്കുള്ള കാത്തിരിപ്പു തുടങ്ങി

At Malayalam
1 Min Read

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടിക പുറത്തുവന്നതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ഇനി സംവരണ വാർഡുകളുടെ നറുക്കെടുപ്പിനായുള്ള കാത്തിരിപ്പ്.

നറുക്കെടുപ്പിൽ ജനറൽ വാർഡുകൾ ഏതെല്ലാമായിരിക്കുമെന്നതിനെക്കുറിച്ച് പാർട്ടികൾ തമ്മിൽ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. ഈ മാസം തന്നെ സംവരണ വാർഡ് നറുക്കെടുപ്പ് നടക്കും.

പുതിയ വോട്ടർപട്ടിക പാർട്ടികൾ വിശദമായി പഠിച്ചുവരികയാണ്. ഓരോ വാർഡിലും കൂടുതൽ വോട്ടുകൾ നേടിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിന്റെ തിരക്കിലാണ് മുന്നണികൾ.
മുന്നണിയിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെങ്കിൽ അതത് വാർഡുകളിൽ പാർട്ടിയുടെ സ്വാധീനം സംബന്ധിച്ച കൃത്യമായ കണക്കുകൾ ആവശ്യമാണ്. ചെറിയ വോട്ടുകൾ പോലും വിജയപരാജയങ്ങളെ നിർണയിക്കുമെന്നതിനാൽ ഓരോ വോട്ടിനും ഏറെ പ്രാധാന്യമുണ്ട്.

വാർഡ് വിഭജനത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ഇത്തവണ നറുക്കെടുപ്പിൽ വലിയമാറ്റങ്ങളുണ്ടാകും. 50 ശതമാനം വാർഡുകൾ വനിതാ സംവരണമായിരിക്കും. പട്ടികജാതി, പട്ടികവർഗ വനിതകൾക്കുള്ള സംവരണം ഇതിൽ ഉൾപ്പെടും. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും സംവരണ വാർഡുകളായിരുന്നവയെ ഒഴിവാക്കിയാണ് പട്ടികജാതി, പട്ടികവർഗ ജനറൽ വാർഡുകൾ ഇത്തവണ നീക്കിവെക്കുക.

- Advertisement -

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് അതത് ജില്ലകളിലെ കളക്ടർമാരുടെ മേൽനോട്ടത്തിൽ നടക്കും. നഗരസഭകളിലേത് റീജിയണൽ ജോയിന്റ് ഡയറക്ടർമാരും കോർപ്പറേഷനുകളിലേത് നഗരസഭാകാര്യ ഡയറക്ടറുമായിരിക്കും നേതൃത്വം നൽകുക. രാഷ്ട്രീയ പാർട്ടികൾക്ക് നിർണായകമായ ഈ നറുക്കെടുപ്പ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകും. തുടർന്ന് സ്ഥാനാർത്ഥികളെ നിശ്ചയിക്കലും തുടർ പ്രവർത്തനങ്ങളുടെ ഒരുക്കവും തുടങ്ങും.

Share This Article
Leave a comment