ധർമസ്ഥല ആരോപണം : എൻ ജി ഒകൾക്കെതിരേ ഇ ഡി അന്വേഷണം

At Malayalam
1 Min Read

ബംഗളൂരുവിലെ ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ ചില സന്നദ്ധ സംഘടനകൾക്കും അവയ്ക്കു ലഭിച്ച വിദേശ സംഭാവനകൾക്കുമുള്ള പങ്ക് അന്വേഷിക്കുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഇതിനായി നടപടി തുടങ്ങി. കർണാടക പൊലീസ് ഇതിനകം സുപ്രധാന രേഖകൾ കേന്ദ്ര ഏജൻസിക്കു കൈമാറിയതായാണ് വിവരം.

രണ്ടു പരാതികളുടെ അടിസ്ഥാനത്തിൽ വിദേശ വിനിമയച്ചട്ടം ( ഫെമ ) ലംഘിച്ചതിന് ഇ ഡി ഇതിനോടകം രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായാണു ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ധർമസ്ഥലയിൽ നൂറുകണക്കിനു യുവതികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന ആരോപണത്തിന്‍റെ തുടക്കം മുതൽ സജീവമായിരുന്ന ഓഡനാഡി, സംവാദ എന്നീ എൻ ജി ഒകളാണ് സംശയനിഴലിലുള്ളത്.

ഇരു സംഘടനകളും സേവന പ്രവർത്തനങ്ങളുടെ പേരിൽ സ്വീകരിച്ച വിദേശ ഫണ്ട് ധർമസ്ഥലയ്ക്കെതിരേയുണ്ടായ വെളിപ്പെടുത്തലുകളെ പിന്തുണയ്ക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചതായി പ്രാഥമിക വിവരമുണ്ട്.

ഇരു സംഘടനകളുടെയും അഞ്ചു വർഷത്തെ പണമിടപാടുകളുടെ വിവരങ്ങൾ തേടി അന്വേഷണ ഏജൻസി എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകൾക്ക് കത്തുനൽകി. തിങ്കളാഴ്ച ധർമസ്ഥലയിൽ ബി ജെ പി നടത്തിയ മാർച്ചിൽ വിവാദത്തിനു പിന്നിലെ ഗൂഢാലോചനയിൽ എൻ ഐ എ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് സർക്കാർ ഈ വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്നും പാർട്ടി ആരോപിച്ചു.

- Advertisement -

എന്നാൽ, ബി ജെ പി ആരോപിക്കുന്നതു പോലെ വിദേശ സഹായം ഇക്കാര്യത്തിലുള്ളതായി തനിക്ക് അറിവില്ലെന്നു മുഖ്യമന്ത്രി എസ് സിദ്ധരാമയ്യ പറഞ്ഞു. എൻ ഐ എ അന്വേഷണം ആവശ്യമില്ലെന്നും നിലവിലുള്ള എസ് ഐ ടി അന്വേഷണം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Share This Article
Leave a comment